പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ചവര്‍ക്കെതിരേ യുഎപിഎ ചുമത്തി. ഭഗത് സിംഗിനെ പോലെ ഭരണകൂടത്തോടു സമരം ചെയ്തതാണെന്നു പറഞ്ഞ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ ‘ഭഗത് സിംഗ് ഗ്രൂപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. ജസ്റ്റീസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവര്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍, മണിപ്പൂര്‍ വിഷയം, ഏകാധിപത്യ നയങ്ങള്‍ എന്നിവയാണ് സമരത്തിനു കാരണം. സംഘത്തിലെ ആറാമത്തെ അംഗമായ ഒളിവിലുള്ള ലളിത് ഝായാണു മുഖ്യ സൂത്രധാരനെന്നു പോലീസ് സംശയിക്കുന്നു.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ ഏഴു സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറുന്നതിനു മുമ്പ് പ്രതികള്‍ ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും ഇവിടെവച്ചാണു കളര്‍ പടക്കം കൈമാറിയതെന്നും പൊലീസ്. നാലു വര്‍ഷം മുമ്പ് ഫേസ് ബുക്കിലൂടെയാണ് പ്രതികള്‍ പരിചയപ്പെട്ടത്. പ്രതിഷേധ പദ്ധതിയുടെ ആലോചന ജനുവരിയില്‍ തുടങ്ങി. ചണ്ഡീഗഡില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധിക്കാന്‍ ഒന്നര വര്‍ഷം മുമ്പ് ഒത്തുകൂടിയപ്പോഴാണ് ആദ്യമായി ഇവര്‍ കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും പോലീസ്.
ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറും. പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെയും ന്യായീകരിച്ചും റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു വിശദീകരണം നല്‍കുക.
ശബരിമല പതിനെട്ടാം പടിക്കു മേല്‍കൂര നിര്‍മിക്കാന്‍ സ്ഥാപിച്ച കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകര്‍ക്കു തടസമാകുന്നുണ്ടെന്നു പോലീസ്. തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ഈ തൂണുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ തീര്‍ത്ഥാടകരെ കയറ്റിവിടാനാകാത്തത് ഇതുമൂലമാണെന്ന് പോലീസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും വസതികളിലും ആദായനികുതി റെയ്ഡ്. കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍നിന്നു 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശന്‍ എന്നയാളുടെ വീട്ടില്‍നിന്ന് അഞ്ചു കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെത്തി. ആര്‍ക്കിടെക്റ്റ് ഷബീര്‍ സലീല്‍ ഗ്രൂപ്പില്‍ നിന്ന് 27 ലക്ഷം രൂപ പിടിച്ചെടുത്തു.
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവര്‍ നിയമ നടപടിയിലേക്ക്. സംഘടനാ ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, വി പ്രതാപചന്ദ്രന്റെ മകനും പരാതിക്കാരനുമായ പ്രജിത്ത് ചന്ദ്രന്‍, പ്രജിത്തിന്റെ സഹോദരി, രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.
കായംകുളത്ത് നവകേരള സദസിന്റെ വേദിക്കു സമീപത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണമെന്ന് അധികൃതര്‍. വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. കടകള്‍ മൂടിയിടണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തിറങ്ങി.
വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവ 13 വയസുള്ള 45 എന്ന കടുവയാണെന്നു തിരിച്ചറിഞ്ഞെന്നു വനംവകുപ്പ്. പ്രജീഷിനെ പിടിച്ചു തിന്ന നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
ജവാന്‍ റം മദ്യക്കുപ്പികളില്‍ അളവു കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.
ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യാന്‍ 26.11 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിഫലം നല്‍കാനാണ് ഈ തുക വിനിയോഗിക്കുക.
സര്‍വീസില്‍നിന്ന് വിരമിച്ച ചാലക്കുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസാം ഗോഹട്ടി സ്വദേശി ബാറുല്‍ ഇസ്ലാം എന്ന 25 കാരനാണ് പിടിയിലായത്.
കോട്ടയത്ത് ബസ് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശി ആര്‍ അറുമുഖന്‍ (47) ആണ് മരിച്ചത്. മേലുകാവില്‍ രാത്രി 11 നു മിനി ബസ് തോട്ടിലേക്കു മറിയുകയായിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ചീഫ് സെക്രട്ടറി തല ചര്‍ച്ചയിലാണ് തമിഴ്‌നാട് ആവശ്യം ഉന്നയിച്ചത്.
എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. പോലീസും കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് സംസ്‌കാര ചടങ്ങ് നടത്തി. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി പത്തു ദിവസമായിട്ടും കുഞ്ഞിന്റെ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറായില്ല.
കുഞ്ഞിന്റെ അമ്മ അശ്വതി കാക്കനാട് വനിതാ ജയിലിലും കുഞ്ഞിനെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്ത് ഷാനിഫ് ആലുവ സബ് ജയിയിലിലുമാണ്.
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബസ് ജീവനക്കാരന് 11 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് പാലാഴി കയലുംപാറക്കല്‍താഴത്ത് ടി.പി. അമലിന് (25) കോഴിക്കോട് പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
പാക്കിസ്ഥാനു രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് മുംബൈ നേവല്‍ ഡോക് യാഡിലെ സിവില്‍ അപ്രന്റീസായ ഗൗരവ് പാട്ടീല്‍ എന്ന 23 കാരന്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. വാട്‌സ്ആപ് മുഖേനെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.
ഉത്തര്‍പ്രദേശില്‍ സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 കാരന്‍ കൊല്ലപ്പെട്ടു. മിര്‍സാപൂര്‍ കോട്വാലി പ്രദേശത്തെ വാന്‍ ഗുര്‍ജാര്‍ ക്യാമ്പിനു സമീപത്തെ വനമേഖലയിലാണ് മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ചത്.
തന്റെ സംസ്‌കാര ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനു പുറത്ത് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ അടക്കണമെന്നാണ് ആഗ്രഹമെന്നും മാര്‍പാപ്പ വ്യക്തമാക്കി. മാര്‍പാപ്പയുടെ മൃതദേഹം വത്തിക്കാനു പുറത്ത് അടക്കം ചെയ്യാറില്ല. ഞായറാഴ്ച 87 വയസ് പൂര്‍ത്തിയായ മാര്‍പാപ്പ മെക്‌സികോയിലെ എന്‍ പ്ലസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.