mid day hd 3

 

സിപിഎം നേതാവും പോലീസ് ഡിവൈഎസ്പിയും ഒത്തുകളിച്ച് കോഴിക്കോട് മുക്കത്തെ പോക്‌സോ കേസ് പ്രതിയെ മാറ്റിയെന്ന് ആരോപണം. പ്രവാസി വ്യവസായിയെ രക്ഷിച്ചതിനു ഡിവൈഎസ്പിക്ക് റിസോര്‍ട്ട് സമ്മാനമായി നല്‍കിയെന്ന് പീഡനത്തിനിരയായ കുഞ്ഞിന്റെ രണ്ടാനച്ഛന്റെ ശബ്ദരേഖയില്‍ പറയുന്നു. സിപിഎം അച്ചടക്ക നടപടിയെടുത്ത മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസാണ് ഒത്താശകള്‍ ചെയ്തതെന്നാണ് ആരോപണം. തനിക്കു വലിയ വീട് വാഗ്ദാനം ചെയ്‌തെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള രണ്ടാനച്ഛന്‍ പരോളില്‍ പുറത്തിറങ്ങി സുഹൃത്തിനോടു ഫോണില്‍ സംസാരിച്ച ശബ്ദരേഖയാണു പുറത്തായത്.

ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അള്ളാഹുവും ഗണപതിയും വിശ്വാസങ്ങളുടെ ഭാഗമാണ്. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയതിനു കേസെടുത്തിനെതിരേ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരേയും നിയമ നടപടി സ്വീകരിക്കാനും എന്‍എസ്എസ് നിയമോപദേശം തേടി.

മിത്ത് പരാമര്‍ശം വിശ്വാസികളെ വേദനിപ്പിച്ചെന്ന് ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണം. ആവശ്യമെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളത്തെ കലുഷിതമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മിത്ത് പരാമര്‍ശത്തില്‍ എം.വി ഗോവിന്ദന്‍ നിലപാടു തിരുത്തിയതുപോലെ സ്പീക്കര്‍ ഷംസീറും തിരുത്തണമെന്ന് രമേശ് ചെന്നിത്തല. ഗണപതി മിത്താണെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇന്നു ഡല്‍ഹിയില്‍ ഗോവിന്ദന്‍ അതു തിരുത്തി. മിത്താണെന്നു പറഞ്ഞിട്ടില്ലെന്നു തിരുത്തയതുപോലെ സ്പീക്കറും തിരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഭൂപതിവു ചട്ട ഭേദഗതി ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും അവതരിപ്പിക്കില്ല. നിയമസഭയുടെ പരിഗണനയ്ക്കു വച്ച 19 ബില്ലുകളില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഇല്ല. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആവര്‍ത്തിച്ചു വാഗ്ദാനം ചെയ്യാറുണ്ട്.

ധനവകുപ്പ് സപ്ലൈക്കോയ്ക്ക് 250 കോടി രൂപ അനുവദിച്ചെങ്കിലും വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. 250 കോടിയില്‍ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനുള്ളതാണ്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സാവാകശം അനുവദിച്ച് സുപ്രീം കോടതി. വിചാരണകോടിത ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് സാവകാശം അനുവദിച്ചത്. ഇതേസമയം, കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതിയുടെ പരിഗണനയിലുണ്ട്.

ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണത്തിനു സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ നിത്യചെലവുകള്‍ക്കു പോലും പണമില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചെലവ്. സുധാകരന്‍ കുറ്റപ്പെടുത്തി.

വിരമിച്ച എസ്‌ഐയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമരവിള സ്വദേശി അനില്‍കുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്. ജനല്‍ ചില്ലുകളും കാറും ബൈക്കുകളും അടിച്ചു തകര്‍ത്തു. ധനുവച്ചപുരം കോളജില്‍ പഠിക്കുന്ന മകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു സംഭാവന നല്‍കാത്തതിനുള്ള വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിനു കാരണമെന്ന് അനില്‍കുമാര്‍ ആരോപിച്ചു.

അട്ടപ്പാടിയില്‍ ഒറ്റയാല്‍ റോഡില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. ബോണറ്റില്‍ കൊമ്പുകോര്‍ത്ത് കാര്‍ മൂന്നു തവണ ഉയര്‍ത്തി നിലത്തിട്ടു. കാറിലുണ്ടായിരുന്ന വയോധികയും രണ്ടു കുട്ടികളും അടക്കമുള്ള അഞ്ചു പേര്‍ കൂട്ടനിലവിളി മുഴക്കി. അല്‍പനേരത്തിനുശേഷം ആന പിന്മാറി.

വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ കുടുങ്ങി യുവാവിന്റ കൈ അറ്റു. അറ്റുതൂങ്ങിയ കൈ ഡോക്ടറെ എത്തിച്ച് മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. നെയ്യാറ്റിന്‍കര പഴയകട സ്വദേശി മനു എന്ന് വിളിക്കുന അരുണ്‍ (31) എന്ന താെഴിലാളിയുടെ വലത് കൈ ആണ് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ കുടുങ്ങി അറ്റുപോയത്.

മണിപ്പൂരില്‍ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാല്‍ വെസ്റ്റിലെ സെന്‍ജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റു. ഇതേസമയം, മെയ്‌തെയ് വംശജരുടെ കൂട്ടക്കുരുതിയില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടാളക്കാരന്റെ കാലില്‍ വീണു കുക്കി സ്ത്രീകള്‍ അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. കാംഗ്‌പോക്പി മേഖലയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിനെതിരേയാണ് കുക്കി സ്ത്രീകളുടെ കൂട്ടക്കരച്ചില്‍.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ വര്‍ഷം ചൈനയ്ക്കു പുറത്ത് ചെലവഴിച്ചത് രണ്ടു ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ജിന്‍ പിങ് വിദേശയാത്ര ഒഴിവാക്കിയത്. മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ഷി വിദേശ യാത്ര നടത്തിയത്.

2020 ലെ യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തു വിട്ടയച്ചു. കുറ്റങ്ങളെല്ലാം ട്രംപ് കോടതിയില്‍ നിഷേധിച്ചു. ഈ മാസം 28 നു കേസ് വീണ്ടും പരിഗണിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *