സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ എതിര്‍ത്തതുമൂലമാണ് പിന്‍വാങ്ങിയത്. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്നു മുതല്‍ നിര്‍ബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കാനായില്ല.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 90 രൂപ കുറച്ചു. വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50 പൈസ ആയി.
കോഴിക്കോട് ആനി ഹാള്‍ റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തുണിത്തരങ്ങളും പാര്‍ക്കിംഗ് ഏരിയയിലെ കാറുകളും കത്തിനശിച്ചു. കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പിന്നീട് ആളിപ്പടരുകയായിരുന്നു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസവാതക ചോര്‍ച്ച. പാചക വാതകത്തിന്റെ ഗന്ധം ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളില്‍ പരന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഗന്ധം പരന്നത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ്ലൈനിലാണ് ചോര്‍ച്ചയുണ്ടായത്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ വി.ആര്‍. അനൂപ് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്നു മൂന്നിനു വെക്കത്ത് എത്തും. പെരിയോര്‍ പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും വൈക്കം കായലോര ബീച്ചിലം സമ്മേളന വേദിയില്‍ പ്രസംഗിക്കും.
കേരളത്തില്‍ പെട്രോളിനും ഡിസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചതോടെ കേന്ദ്ര ഭരണപ്രദേശമായ മാഹിയിലേക്കു വാഹന പ്രവാഹം. കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറയ്ക്കാനാണ് വാഹനങ്ങളുടെ മാഹിയിലേക്ക് എത്തുന്നത്. മദ്യത്തിനും ഭീമമായ വില വ്യത്യാസമാണ്.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാല്‍ ഇന്ധന വിതരണം നിര്‍ത്തിയതാണു കാരണം.
ചെന്നൈ കലാക്ഷേത്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണ പരാതിയില്‍ അധ്യാപകനെതിരെ കേസ്. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസിലേക്ക്. ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്ണ, ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേരും.
കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ടു പേര്‍ മരിച്ചു. അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരിച്ചത്. ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ട ബോട്ടിനു സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.