ശ്രീലങ്കയിലെ കൊളംബോ ഡോക്ക്യാര്‍ഡ് പി.എല്‍.സിയിലെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ്. 52.96 മില്യന്‍ ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. കൊളംബോ ഡോക്ക്യാര്‍ഡിലെ നിലവിലെ ഓഹരി ഉടമകളായ ഒനോമിച്ചി ഡോക്ക്യാര്‍ഡ് കമ്പനി ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികളാണ് മസഗോണ്‍ സ്വന്തമാക്കിയത്. ഇതോടെ കൊളംബോ ഡോക്ക്യാര്‍ഡ് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സിന്റെ സഹസ്ഥാപനമായി മാറുമെന്നും ഓഹരി വിപണിയില്‍ നല്കിയ ഫയലിംഗില്‍ പറയുന്നു. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്യാര്‍ഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും. 15.12 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1,29,254 കോടി രൂപ) വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമാണ് മസഗോണ്‍. 9,660 കോടിയായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പല്‍ നിര്‍മാണ കമ്പനി വിദേശ കമ്പനിയില്‍ ഇത്രയധികം നിക്ഷേപം നടത്തുന്നത്.
കൊളംബോ ഡോക്ക്യാര്‍ഡ് ഏറ്റെടുത്ത് മസഗോണ്‍
