WhatsApp Image 2026 07 02 at 1.32.53 PM

‎തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍, ജീവനക്കാരുടെ അനാസ്ഥയെന്ന വിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ഹസന്‍. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‎

‎തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന 52 വയസുകാരനായ രാജേഷ് കുമാർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബവും, കൂട്ടപ്പന വാർഡ് കൗൺസിലറും. അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.

‎

‎വി ഡി സതീശൻ സർക്കാരിനെ വിമർശിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ. കയ്യിലുള്ള പാർട്ടി ഭാരവാഹിത്വം രാജി വച്ചിട്ട് വിമർശിക്കുന്നതാണ് ഉചിതമെന്ന് ബിപിൻ മാമ്മൻ അഭിപ്രായപ്പെട്ടു.

‎

‎വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു.

‎

‎കോൺഗ്രസ് നേതാവ് വി എം സുധീരന്‍റെ പേരിൽ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചും അധിക്ഷേപിച്ചും വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തെറ്റായ പ്രസ്താവന വി എം സുധീരന്‍റേതെന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു.

‎

‎ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി.

‎

‎തിരുവനന്തപുരത്ത് സിപിഎമ്മിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന് വാർത്ത ഉണ്ടെന്നും ആ വാർത്തയിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണം നടത്തുന്നില്ലെന്നും വി ജോയി. വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ജോയി പ്രതികരിച്ചു.

‎

‎കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും ബിജു അറിയിച്ചു.

‎

‎നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി.

‎

‎വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

‎

‎വയനാട് കള്ളാടി ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ മന്ത്രി എപി അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പ്രതികളെ കണ്ടെത്തേണ്ടെന്ന് റവന്യു മന്ത്രി പറഞ്ഞു.

‎

‎വയനാട് കള്ളാടി മണ്ണിടിച്ചിലിലെ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. മീനാക്ഷി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം ആണ് ലഭിച്ചത്.

‎

‎ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിൽ  സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ നടൻ വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും.   പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് അവർ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

 

‎പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലമെന്ന് പരാതി. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽ കിണറിൽ എത്തിയതാണ് പ്രതിസന്ധിയായത്.

‎

‎തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.

‎

‎നിയമസഭയിൽ നിന്നും നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ ആയിരുന്ന മസൂദ് കെ വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്.

‎

‎കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്. ചെറുതാഴത്ത് 2017-ൽ നടന്ന അപകടത്തിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

‎

‎സ്കൂളിൽനിന്ന് 30 രൂപ മോഷ്ടിച്ചെന്ന അധ്യാപകരുടെ ആരോപണത്തിൽ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. കർണാടകയിലെ അനേകലിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.

‎

‎12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിന്‍റെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ല.

‎

‎രാഷ്ട്രീയ പ്രവർത്തകർ വിദ്യാദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉള്ളതല്ലെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്മോഹൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

‎

‎അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജി നൽകി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ജീവനക്കാർ രാജിവെച്ചത്.

‎

‎തമിഴ്നാട്‌ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് കരൂർ സന്ദർശിക്കും. സെപ്റ്റംബറിലെ ടിവികെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.  ദുരന്തത്തിൽ മരിച്ചവരിൽ 32 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും.

‎

‎നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗർഭിണിയാണെന്ന വാദം അംഗീകരിച്ചാണ് 75000 രൂപയുടെ ബോണ്ടിന്മേലും തത്തുല്യതുകയ്ക്കുള്ള ആൾജാമ്യത്തിലും നാസിക് റോഡ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ജാമ്യം അനുവദിച്ചത്.

‎

‎ഹരിയാണയിലെ ഗുരുഗ്രാമിൽ പൊലീസും കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.  സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

‎

‎ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

‎

‎ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപികമാരോ ആകാൻ ആഗ്രഹിക്കുന്നതിന് മുൻപ് സ്ത്രീകൾ നല്ല അമ്മമാരാകാൻ ലക്ഷ്യംവെയ്ക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഗവർണറുടെ പരാമർശം ഇതിനോടകം വിവാദമായിക്കഴിഞ്ഞു.

‎

‎തിഹാർ ജയിലിൽ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരൻ കോടതിയിൽ. ഭീകരപരിശീലനക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മാത്യൂ ആരോൺ വാൻഡെയ്ക്കാണ് പാചകത്തിനുള്ള അനുമതിക്കായി ഡൽഹിയിലെ കോടതിയെ സമീപിച്ചത്.

‎

‎അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ മുൻ അസിസ്റ്റന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്രയിൽ എആർടിഒ ആയി ജോലി നോക്കിയിരുന്ന ലളിത് കുമാറിനെയാണ് പിടിച്ചത്.

‎

‎പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള ആഗോള തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്രവും ചർച്ചകളും മാത്രമാണ് ഏക പോംവഴിയെന്ന് ഖത്തർ.

‎

‎ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചിട്ടില്ല എന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യം പുതിയ സുരക്ഷാ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന്  അദ്ദേഹം വ്യക്തമാക്കി.

‎

‎അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന രഹസ്യവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‎

‎അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്കാര ചടങ്ങുകളിൽ 41 മുതൽ 43 മില്യൺ  ജനങ്ങൾ പങ്കെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.

‎

‎അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ ഒരു പരാമർശം വിവാദമായി.  ഇറാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് പതിവ് പോലെ അബദ്ധത്തിൽ “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ” എന്ന് പരാമർശിക്കുകയായിരുന്നു.

‎

‎റഷ്യയുടെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈൻ. ബുധനാഴ്ച രാത്രി യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ത്വർ, സ്റ്റാവ്‌റോപോൾ എന്നിവിടങ്ങളിലെ എണ്ണ സംഭരണശാലകൾക്ക് നാശം. യുക്രൈൻ ആക്രമണത്തിൽ അസോവ് കടലിൽ ഉണ്ടായ രണ്ട് എണ്ണ ടാങ്കറുകളും കത്തി നശിച്ചു.

‎

‎മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി പ്രവേശനം നേടിയതോടെ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ എംബാപെ മെസിയെ മറികടന്നു. ഇരുവർക്കും 8 ഗോളുകൾ ആണെങ്കിലും എംബാപെയ്ക്ക് രണ്ട് അസിസ്റ്റുകൾ കൂടിയുള്ളത് ഗുണം ചെയ്തു. ലോകകപ്പിലെ തന്റെ ഇരുപതാം ഗോൾ കൂടിയാണ് എംബാപെ നേടിയത്. മുപ്പത് വയസ് തികയും മുൻപ് 20 ഗോളുകൾ നേടുന്ന ആദ്യ താരമായി ചരിത്ര നേട്ടം കൂടിയാണ് എംബാപെ ഇന്നലെ സ്വന്തമാക്കിയത്.

‎

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *