മലയാളിയുടെ നീന്തൽ ക്ലബ്ബിനെ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എറണാകുളം ആലുവയിലെ സജി വളാശേരിയുടെ നീന്തൽ ക്ലബ്ബിനെയാണ് പുകഴ്ത്തിയത്. പ്രായഭേദമന്യേ ഇതിനോടകം ഭിന്നശേഷിക്കാരടക്കം പതിനയ്യായിരത്തിലധികം പേരെ നീന്തൽ പരിശീലിപ്പിച്ച ക്ലബ്ബ് ആയിരങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തീരുമാനം വളരെയധികം ആശ്വാസകരമാണെന്നും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു.
നടി അൻസിബ ഹസൻ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. നടൻ ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നും, ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചതെന്നും അൻസിബ വ്യക്തമാക്കി.
കിഫ്ബി നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും. കിഫ്ബിയുടെ പ്രവർത്തന ഘടന പുനപരിശോധിക്കും വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും, സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കും.
മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ പൊലീസ് നടപടി. സിപിഎം സൈബർ പോരാളികൾ എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസെടുത്തു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തിൽ സന്ദർശനത്തിനെത്തി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു.
മന്ത്രി ഒ ജെ ജനീഷിന്‍റെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതിനെ തുടർന്ന് മുതിർന്ന പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി. തൃശൂർ സ്വദേശിയായ പി എസ് അബ്ദുൾ റഹ്മാനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി.
സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ബ്രഹ്മഗിരിയിൽ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു കോടികൾ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു.
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ രോഷം. പ്രതിയെ തെളിവെടുപ്പിനായി ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിച്ചതിനിടെയാണ് ജനരോഷം ഉണ്ടായത്.
ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു.
തിരുവനന്തപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരം മുങ്ങിയതിൽ കോര്‍പറേഷനെ ന്യായീകരിച്ച് മേയര്‍ വി വി രാജേഷ്. കോര്‍പറേഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് മേയർ പറയുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നും മേയർ പറഞ്ഞു.
രാജ്യത്തിൻറെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിൽ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം അർപ്പിച്ചു . സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക ആക്രമണം. പാർട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജി എംപിയെ ഒരു സംഘം നടുറോഡില്‍ തലക്കിടിച്ച് വീഴ്ത്തി. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂൽ കോണ്‍ഗ്രസ് ആരോപിച്ചു.
കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്‍റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല.
സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം ഉണ്ടായതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. എച്ച്ഡിഎഫ്‌സി പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച പോർട്ടലുമായി ബന്ധപ്പെട്ടതാണ് സൈബർ ആക്രമണം ഉണ്ടായത്.
