അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാരം കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കുമെന്ന് സംവിധായകൻ രഞ്ജി പണിക്കർ അറിയിച്ചു. ഇന്ന് 3 മണി വരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു. 69 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു . തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.
1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസൻ്റെ ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലും പഠിച്ച ശ്രീനിവാസൻ പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും തന്‍റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു.
സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും മോഹൻലാൽ. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്‍റ് എന്നിവരുമായി ഉണ്ടായിരുന്നത്. നടൻ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമായിരുന്നെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല.
സംവിധായകൻ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അർത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളിൽ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയർത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തിൽ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.
സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസനെന്നും മുകേഷ് പറഞ്ഞു.
ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ രജനീകാന്ത്. സുഹൃത്ത് ശ്രീനിവാസൻ വിടവാങ്ങിയെന്നത് ഞെട്ടിക്കുന്നുവെന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ക്ലാസ്മേറ്റായിരുന്നു അദ്ദേഹം, വളരെ നല്ല നടനും അതിലുപരി വളരെ നല്ല മനുഷ്യനുയിരുന്നു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു എന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്തും ശ്രീനിവാസനും ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ.വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചുവെന്നും ഉര്‍വശി അനുസ്മരിച്ചു.
ശ്രീനിവാസന് അന്ത്യാഞ്ലി അർപ്പിച്ച് നടൻ പൃഥ്വിരാജ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നുവെന്ന് പൃഥ്വിരാജ് സാമൂഹിക മാധ്യങ്ങളിൽ കുറിച്ചു.
എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും കാലാതിവർത്തിയാകാൻ കഴിഞ്ഞ കലാകാരനാണ് ശ്രീനിവാസനെന്ന് നടി മഞ്ജു വാര്യർ. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി കരയിപ്പിക്കുകയാണെന്ന് മഞ്ജു കുറിച്ചു. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കുമെന്നും മഞ്ജു എഴുതി.
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇ ഡി യൂണിറ്റ് ഡൽഹിയിലെ ഇ ഡി ഡയറക്ടറേറ്റിന് കത്തയച്ചു. അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇ സി ഐ ആർ രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു. കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു.
ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേകറിന്‍റെ കടുംപിടുത്തങ്ങൾക്ക് വഴങ്ങിയതിൽ വിമർശനം ഉയരുന്നതിനിടെ മുഖ്യമന്ത്രിക്ക് പ്രതിരോധവുമായി സിപിഎം. ഗവർണർ ആണ് സമവായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ചത് എന്നാണ് സിപിഎം വിശദീകരണം. ഇക്കാര്യത്തിൽ ലോക്ഭവൻ ഓഫിസിന്‍റെ മറുപടി ആണ് ഇനി അറിയേണ്ടത്.ഗവർണർ ഇങ്ങോട്ട് ആവശ്യപ്പെട്ടാലും അനുനയം എന്തിന് എന്ന് ചോദ്യമാണ് ഉയരുന്നത്.
വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് (പിസിഡബ്ല്യു) എന്ന പേരില്‍ സംരംഭക സഹായ പദ്ധതി ആരംഭിക്കുന്നു. ഓണ്‍ലൈനിലൂടെയോ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസുകളിലൂടെയോ പ്രൊഫഷണല്‍ ബിസിനസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പിന്നീട് കാറിൽ കയറ്റി മർദിക്കുകയും മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം ആറംഗ സംഘം യുവാവിനെ വഴിയിൽ തള്ളുകയും ചെയ്തു. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ട് പോയത്.
കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിൽ ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നന്ദ ഹർഷൻ (6) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്തു.
ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ (21),അഖിൽ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.ഡിസംബർ 20-ന് പുലർച്ചെ 2:17-ഓടെയാണ് സംഭവം.
ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത തുടരുന്നു. വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിക്ക് നേരെ വെടിവച്ച രണ്ടു പേർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നുവെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞതോടെയാണ് പ്രതിഷേധങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയത്. ഇന്ത്യ അക്രമികളെ പിടികൂടണം, കൈമാറണം എന്നെല്ലാമാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. ഇന്ത്യ അനുകൂല നിലപാടെടുക്കുന്നു എന്ന് ആരോപിച്ച് രണ്ട് പത്രങ്ങളുടെ ഓഫീസിന് കലാപകാരികൾ തീയിടുകയും ചെയ്തു. കടുത്ത ഇന്ത്യാ വിരുദ്ധനും നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനസിന്‍റെ വലംകൈയുമായിരുന്ന ഹാദിയെ കഴിഞ്ഞ വെള്ളിയാഴ്ച്ച ധാക്കയില്‍ വെച്ചാണ് മുഖംമൂടിധാരികള്‍ വെടിവെച്ചത്.
മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ജർമ്മൻ ദമ്പതികളടക്കം ആറ് പേരെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കരൺപൂരിൽ നിന്ന് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പ്രാർത്ഥനാ സംഘം എന്നാരോപിച്ചാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. ഇവരിൽ ജർമ്മൻ ദമ്പതികൾ വർക് വിസയിൽ ഇന്ത്യയിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഭാരതീയ ന്യായ സഹിത, രാജസ്ഥാൻ മതപരിവർത്തന വിരുദ്ധ നിയമം, വിദേശി നിയമം സെക്ഷൻ 14 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഒരു കോടിയോളം വോട്ടർമാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു.ഇന്ന് മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തും.ഒരു വോട്ടറെ എങ്കിലും അനർഹമായി ഒഴിവാക്കിയാൽ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി.66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്സ് എംപി പി.ചിദംബരം പറഞ്ഞു.അതേ സമയം കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി.
സിറിയയിൽ അമേരിക്കൻ സേനയ്ക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്‌ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സൈനിക നീക്കം. ‘ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിലുണ്ടായ ക്രൂരമായ ആക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ സൈനിക നടപടിയെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യയുടെ ചാരക്കപ്പൽ പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രൈൻ. യുക്രൈൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രൈൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.
