സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിനു മുകളിലുളള പ്ലാസ്റ്റിക് ബാഗുകളെ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന ക്യാരി ബാഗുകള്‍ക്കു നിരോധനം ബാധകമാകില്ല.
താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിലും നോട്ടീസ് നല്‍കിയശേഷമേ പിരിച്ചുവിടാവൂവെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടു. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയില്‍ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.
വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. തുറമുഖ നിര്‍മാണം മൂലം ഏതൊക്കെ പ്രദേശങ്ങളില്‍ തീരശോഷണമുണ്ടായി, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് സമിതി പരിശോധിക്കുക. എന്നാല്‍ തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങള്‍ അടയാളപ്പെടുത്താതെയാണ് സര്‍ക്കാര്‍ ഉത്തരവ്. സമരം തീര്‍ന്ന് ഒരു മാസം കഴിഞ്ഞാണ് ഈ തീരുമാനം. നാലു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും ആറു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം അച്ചടക്ക നടപടിയെടുക്കും. ഇന്നലെ വൈകിട്ട് ചേര്‍ന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നല്‍കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംപി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും പ്രതാപന്‍ പറഞ്ഞു. എംഎല്‍എയായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
കലോത്സവത്തിന്റെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്‌കാരം തയാറാക്കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണെന്നു പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മും സര്‍ക്കാരും ഒരു മതത്തിനും എതിരല്ലെന്നും കലോത്സവത്തിലെ സ്വാഗതഗാനം സംബന്ധിച്ച് വിവാദമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഉയരന്ന അവിഹിത സ്വത്ത് സമ്പാദന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ യുഡിഎഫ് ധര്‍ണ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപമുള്ള റിസോര്‍ട്ടിലാണു ജയരാജന്റെ നിക്ഷേപമെന്ന് വിഡി സതീശന്‍ ആരോപിച്ചു. ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. ജയരാജന്‍ എങ്ങനെ എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.
താരസംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ നാലു കോടി 36 ലക്ഷം രൂപ അടയ്ക്കണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും സംഘടന പണം അടച്ചിട്ടില്ല. അടുത്ത നടപടികളിലേക്കു കടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം. ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ അമ്മ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. സംഘടന ചാരിറ്റബിള്‍ സൊസൈറ്റിയാണെന്നാണ് അമ്മയുടെ വാദം. എന്നാല്‍, ഇക്കാലത്തു സ്റ്റേജ് ഷോകളിലൂടെ 15 കോടി രൂപ ലഭിച്ചെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നത്.
എറണാകുളം വൈപ്പിനില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് നഗരത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈബി ഈഡന്‍ എംപി നിരാഹാര സമരം തുടങ്ങി. കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ്കാര്‍ കേരളം ഭരിക്കുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന ബസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സമ്പന്നരുടെ കാറുകള്‍ക്കു വിലക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിലക്കലില്‍ പാര്‍ക്കിങ് ഫീസ് കരാര്‍ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവന്‍ മൂന്നര കോടി രൂപയ്ക്ക് എടുത്ത കരാറാണ് റദ്ദാക്കിയത്. 1.30 കോടി രൂപയാണ് ഇനി സജീവന്‍ അടക്കേണ്ടിയിരുന്നത്.
നാഗര്‍കോവിലിലെ ഇരട്ടക്കൊലക്കേസില്‍ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദി(48)നെയാണ് പൂക്കോട്ടുംപാടം ചുള്ളിയോടുനിന്ന് പൊലീസ് പിടികൂടിയത്.
കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി. കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നടപടി. താല്‍ക്കാലിക നിര്‍മാണത്തിനു പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചത്.
കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ അറുപതോളം പേര്‍ക്കു ഭക്ഷ്യവിഷബാധ. ആശുപത്രി കാന്റീനില്‍നിന്നുള്ള ഭക്ഷണമാണ് കുഴപ്പമുണ്ടാക്കിയത്. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു.
പുതുവത്സരദിനത്തില്‍ പെരിന്തല്‍മണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവില്‍ കല്ലെറിഞ്ഞ് പോലീസ് വാഹനം തകര്‍ത്ത കേസില്‍ ഏഴു പേര്‍ പോലീസില്‍ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ രതീഷ്‌കുമാര്‍ (37), ബാബുമണി (39), പ്രേംപ്രകാശ് (45), മഹേഷ് (31), പ്രമോദ് (39), മജുമോന്‍ (38), അനൂപ്(41) എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നടി മോളി കണ്ണമാലി ആശുപത്രിയില്‍. ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഹണിട്രാപ് കേസില്‍ വിദേശത്ത് ഒളിവില്‍പോയ പ്രതി പിടിയില്‍. തൃശൂര്‍ കീഴ്പ്പുള്ളിക്കര സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാനാണ് (28) പിടിയിലായത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിക്കാരാണെന്നു കേന്ദ്ര നിയമ മന്ത്രാലയം. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജനറല്‍ വിഭാഗത്തിലുള്ളവരാണ്. 11 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുമാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. എന്നാല്‍ അത് എത്രത്തോളം സംഘടനപരമായി ഗുണമാകുമെന്നു കാത്തിരുന്നു കാണണം. യെച്ചൂരി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജോഷിമഠിനു സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളല്‍. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് മഠത്തിലുള്ളവരും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ പറയുന്നത്. അതേസമയം ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
പെറുവില്‍ മുന്‍ പ്രസിഡന്റ് പെട്രേ്യാ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തില്‍ 12 മരണം. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.