Untitled design 20250326 153207 0000

 

 

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്…..!!!!

 

ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തേയും തിരുവിതാംകൂറിൽ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മദ്ധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്.

 

പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂർ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്തം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. ശ്രീ പത്മനാഭന്റെ ഭക്തനായിരുന്ന അദ്ദേഹം അവസാനം രാജ്യം ഇഷ്ടദേവന് സമർപ്പിച്ച രേഖകൾആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.

 

ആറ്റിങ്ങലിലെ ഇളയറാണി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കിളിമാനൂർ കോയിത്തമ്പുരാന്റെയും മകനായി 1706-ലാണ് (കൊല്ലവർഷം 881) അനിഴം നക്ഷത്രത്തിൽ വീരബാല മാർത്താണ്ഡവർമ്മ ജനിച്ചത്. ആറ്റിങ്ങലിലെ ഈ ഇളയറാണി കോലത്തുനാട്ടിൽ നിന്നും ദത്തുവന്ന രണ്ട് രാജകുമാരിമാരിൽപ്പെട്ടയാളാണ്‌, മൂത്തയാൾ മരണമടഞ്ഞിരുന്നു. ചെറുപ്പകാലത്തിലേ രാഷ്ട്രതന്ത്രത്തിലും യുദ്ധമുറകളിലും അദ്ദേഹത്തിന്‌ പരിശീലനം സിദ്ധിച്ചിരുന്നു.

 

അന്നത്തെ സമ്പ്രദായമായ മരുമക്കത്തായം വഴി അടുത്ത രാജാവാകാനുള്ള അവകാശം മാർത്താണ്ഡവർമ്മയ്ക്ക് ലഭിക്കുമെന്നതിനാൽ, അനിഴം തിരുനാളിന്റെ തന്നെ പൂർവികനും വേണാടിന്റെ മഹാരാജാവുമായിരുന്ന വീരരാമ വർമ്മയുടെ മക്കളും എട്ടുവീട്ടിൽ പിള്ളമാരും ചേർന്ന് അനിഴം തിരുനാളിനെ വധിക്കാൻ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു. അക്കാലത്ത് വേണാട് ഭരിച്ചിരുന്നത് ഉമയമ്മ റാണിയുടെ മകനായ ഇരവി വർമ്മയായിരുന്നു . ഈ കാലഘട്ടം പൊതുവെ സമാധാനപരമായിരിന്നു.

ഇരവി വർമയ്ക്കു ശേഷം സ്ഥാനമേറ്റ ആദിത്യ വർമയും (1718-1721)തുടർന്ന് ഭരിച്ച ഉണ്ണിക്കേരള വർമ്മയും(1721-1724) മൂന്നു വർഷം വീതമേ രാജ്യം ഭരിച്ചുള്ളൂ. ഉണ്ണിക്കേരളവർമ്മ ഒരു ദുർബലനായ രാജാവായിരുന്നു. ഇത് വിഘടനവാദികൾ മുതലെടുത്തു. അവരുടെ പ്രേരണയുടെ ഫലമായി സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു.ഇതുമൂലം ഇടപ്രഭുക്കന്മാരും മാടമ്പിമാരും സാധാരണയിൽക്കവിഞ്ഞ ശക്തി പ്രാപിച്ചു. ഉണ്ണിക്കേരളവർമ്മയുടെ മരണശേഷം സഹോദരനായ വീരരാമ വർമ്മ (1724-1729)രാജ്യഭരണം ഏറ്റെടുത്തു.

 

ദുർബലനായ ഒരു രാജാവായിരുന്നു വീരരാമവർമ്മ. സൈനികശക്തി ഒരു പോരായ്മയായി അനുഭവപ്പെട്ടതിനാൽ അദ്ദേഹം തൃശ്ശിനാപ്പള്ളിയിലെ മധുര സർക്കാരുമായി കരാറിലേർപ്പെട്ടു, അവിടെ നിന്ന് ഒരു സൈന്യത്തെ താൽക്കാലികമായി ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം. മഹാരാജാവിന്റെ പ്രതിനിധിയായി കരാർവ്യവസ്ഥകൾ ചർച്ച ചെയ്യാൻ മധുരയിൽ പോയത് 19 വയസ്സു മാത്രം പ്രായമുള്ള മാർത്താണ്ഡവർമ്മയായിരിന്നു.

 

യുദ്ധരംഗത്ത്‌ മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരാജാവിനെ ഉപദേശിച്ചതും മാർത്താണ്ഡവർമ്മയായിരുന്നു. മാർത്താണ്ഡവർമ്മയ്ക്ക് 19 വയസ്സേ ഉണ്ടയിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ രാമവർമ, അനിഴം തിരുനാളിനെ നെയ്യാറ്റിൻകര രാജകുമാരനായി പ്രഖ്യാപിച്ചു. താമസിയാതെ തന്നെ അനിഴം തിരുനാൾ, മാടമ്പിമാരെയും ദേവസ്വം ഭരിച്ചിരുന്ന യോഗക്കാരേയും, എട്ടുവീട്ടിൽ പിള്ളമാരേയും നിയന്ത്രിക്കുവാനും മഹാരാജാവിന്റെ കീഴിൽ കൊണ്ടുവരാനും ആരംഭിച്ചു. ഇതിൽ കുപിതരായ ജന്മിമാർ അനിഴം തിരുനാളിനെ വധിക്കാൻ ശ്രമിക്കുകയും ഇതിൽ നിന്ന് രക്ഷനേടാൻ അനിഴം തിരുനാളിന് വേഷപ്രച്ഛന്നനായി പല സ്ഥലങ്ങളിലും മാറിത്താമസിക്കേണ്ടിയും വന്നു.

 

1729-ൽ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു. ആദ്യമായി സർക്കാർ സം‌വിധാനം സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു. രാമവർമ്മയുടെ വിശ്വസ്തരിൽ നിന്നും ചിലരെ തിരഞ്ഞെടുക്കുകയും ഭരണ സം‌വിധാനം മൊത്തമായി പരിഷ്കരിക്കുകയും ചെയ്തു.

 

താൽകാലിക ദളവയായിരുന്ന(പ്രധാനമന്ത്രി) അറുമുഖം പിള്ളയെ സ്ഥിരപ്പെടുത്തി. കുമാരസ്വാമി പിള്ളയെ സർ‌വ്വസൈന്യാധിപനും ദളവയുടെ അനുജൻ താണുപിള്ളയെ സൈന്യാധിപനും ആയി നിയമിക്കുകയും ചെയ്തു. തന്റെ ഉറ്റമിത്രമായിരുന്ന രാമയ്യൻ എന്ന യുവ ബ്രാഹ്മണനെ കൊട്ടാരരായസം(Under Secretary of State) ആക്കി.

 

ഇദ്ദേഹമാണ് പിന്നീട് രാമയ്യൻ ദളവ എന്ന നാമത്തിൽ പ്രശസ്തനായത്. രാജ്യ സം‌രക്ഷണത്തിനായി കുതിരപ്പട്ടാളത്തേയും മറവപ്പടയേയും ഉണ്ടാക്കി. മടക്കര മുതൽ കന്യാകുമാരി വരെ ഒരു കോട്ട നിർമ്മിച്ചു.അനിഴം തിരുനാളിന്റെ ഉറ്റമിത്രമായും പിന്നീട് 19കൊല്ലക്കാലം പ്രധാനമന്ത്രിയായും കഴിഞ്ഞിരുന്ന രാമയ്യൻ ദളവയുടെ 1756-ലെ വിയോഗത്തിൽ ദുഃഖാർത്തനായ മാർത്താണ്ഡവർമ്മയുടെ ആരോഗ്യവും അനുദിനം ക്ഷയിച്ചുകൊണ്ടിരുന്നു. രണ്ടു വർഷത്തിനകം 1758-ൽ അദ്ദേഹവും നാടു നീങ്ങി.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *