തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍. ആദ്യഘട്ടമായി 18 ശതമാനം പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ 4,385 കോടി രൂപയ്ക്ക് ഏറ്റെടുക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ കത്തില്‍ മണപ്പുറം ഫിനാന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപകമ്പനികളായ ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XXV ലിമിറ്റഡ്, ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XIV ലിമിറ്റഡ് എന്നിവ വഴിയായിരിക്കും ഇടപാട്. ഓഹരി ഒന്നിന് 236 രൂപ നിരക്കിലാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. അതായത് ഓഹരിയുടെ ആറുമാസത്തെ ശരാശരി വില കണക്കാക്കി അതിന്റെ 30 ശതമാനം ഉയര്‍ന്ന (പ്രീമിയം) വിലയിലാണിത്. ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.
മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ അമേരിക്കന്‍ കമ്പനിക്ക്
