ബോളിവുഡ് നടി കജോള്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘മാ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. അജയ് ദേവ്ഗണ്, ജ്യോതി സുബ്ബരായന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിശാല്‍ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാന്‍ തയാറായി നില്ക്കുന്ന അമ്മയുടെ റോളിലാണ് കജോള്‍ എത്തുന്നത്. ശാപമേറ്റ് കിടക്കുന്ന സ്ഥലത്ത് കാണാതാകുന്ന മകളെ രക്ഷിക്കാന്‍ അമ്മ നടത്തുന്ന പരിശ്രമങ്ങളും ഇതിനിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കജോളിന് പുറമേ റോണിത് ബോസ്റോയ്, ഇന്ദ്രനീല്‍ സെന്‍ ഗുപ്ത, ജിതിന് ഗുലാത്തി എന്നവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണ് നിര്‍മിച്ച ശൈത്താന് എന്ന ചിത്രത്തിന്റെ യൂണിവേഴ്സിലാണ് ‘മാ’യും എത്തുന്നത്. ജൂണ്‍ 27ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.