ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഓഹരി ഉടമകള്‍ക്കായി ബോണസ് ഷെയറും ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാര്‍ച്ച് സാമ്പത്തിക പാദഫലത്തിനൊപ്പമാണ് കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്ക് കൈവശമുള്ള ഓരോ എല്‍.ഐ.സി ഓഹരിക്കും അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കും. മാര്‍ച്ച് ത്രൈമാസ കാലയളവില്‍ എല്‍.ഐ.സിയുടെ സംയോജിത അറ്റാദായം 23,467 കോടി രൂപയാണ്. വാര്‍ഷികമായി 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വരുമാനം 1.64 ലക്ഷം കോടി രൂപയാണ്. വാര്‍ഷികമായി 11 ശതമാനം വര്‍ധനയും തൊട്ടുമുമ്പത്തെ ഡിസംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 30 ശതമാനം വര്‍ധനയുമാണിത്. മൊത്തം നിഷ്‌ക്രിയ ആസ്തി 1.21 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 1.46 ശതമാനമായിരുന്നു.
ബോണസ് ഷെയറും ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ച് എല്‍ഐസി
