◾പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ അവരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം മാത്രമായി. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും ഇല്ലാതായി. ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപിയുടെ റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറായ ബ്രിജ് ലാലിനെ നിയമിച്ചു. ഐടി സമിതിയുടെ അധ്യക്ഷനായിരുന്ന ശശി തരൂരിനെ മാറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്റേയുടെ ശിവസേനാംഗമായ പ്രതാപ്റാവു ജാദവിനെ നിയമിച്ചു.
◾ജപ്പാനീസ് കടലിലേക്ക് ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു തിരിച്ചടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന് കടലിലേക്ക് നാലു മിസൈലുകള്‍ വിട്ടു. ഇതിനു പിറകേ യെല്ലോ സീയില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങള്‍ പറപ്പിച്ചു. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് മേഖലയിലാകെ ഭീതി പരത്തിയിരുന്നു.
◾വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭത്തിന് അനേകായിരങ്ങളാണ് എത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂര്‍ തിരുവുള്ളക്കാവിലും ആയിരങ്ങളാണ് എത്തിയത്.
നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022
◾ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി മുംബൈയില്‍ അറസ്റ്റില്‍. വിജിന് വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് പിടികൂടിയത്.
◾കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍നിന്നു മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് ഷിഹാബിനു സസ്പെന്ഷന്. പൊതുജനങ്ങള്‍ക്കു മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഷിഹാബ് ഒളിവിലാണ്.
◾സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചെന്ന് സംഘാടകര്‍. പൗരാവകാശ വേദി ഇന്നു നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താനിരുന്ന പരിപാടിക്കാണ് ഭീഷണി. എം കെ രാഘവന് എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്നതാണ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെടുകയാണുണ്ടായത്.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്.
◾സ്നേഹം ശശി തരൂരിനും വോട്ട് ഖാര്ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന് പറഞ്ഞു.
◾മദ്യപിച്ചു വഴക്കിട്ട സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്ന സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. കോഴിക്കോട് കോയിലാണ്ടി ഹാര്‍ബറിനടുത്ത മായന്‍ കടപ്പുറത്താണ് സംഭവം. ആസാം സ്വദേശിയായ ഡുലു രാജ് ബംഗോഷ് (28) ആണ് കൊല്ലപ്പെട്ടത്. ആസാം സ്വദേശികളും ഡുലു രാജിന്റെ സുഹൃത്തുക്കളുമായ മനരഞ്ഞന്‍ (22), ലക്ഷി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിക്കൂട്ടിലാക്കുന്നതു ശരിയല്ലെന്ന് ഐഎംഎ. അറസ്റ്റ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഐഎംഎ.
◾ഇടുക്കി രാജമലയില്‍ പിടിയിലായ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരം. പത്തു പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ഭീതി പരത്തിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ചു പിടിച്ചത്. കാഴ്ചശേഷി കുറവായതിനാല്‍ സ്വാഭവികമായ ഇരതേടല്‍ പ്രയാസമാകും. കടുവയെ പുനരധിവസിപ്പിക്കാനാണ് ആലോചന.
◾നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലു യാത്രക്കാരില്‍നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.
◾വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കാക്കവയല്‍ കൈപാടം കോളനിയിലെ മാധവനാണ് മരിച്ചത്.
◾ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പൗരി ഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രി വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ബസില്‍ അമ്പതു പേരുണ്ടായിരുന്നു.
◾ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പര്‍വതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പര്‍വതാരോഹക സവിത കാന്‍സ്വാള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായ 13 പര്‍വതാരോഹകരെ കണ്ടെത്തിയില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
◾രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന് എന്നിവര്‍ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.
◾തെരഞ്ഞെടുപ്പു പ്രകടന പത്രികകള്‍ക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വേണമെന്ന ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികള്‍. പാര്‍ലമെന്ററികാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തത് മോദി ഭരണത്തിലെ ഏകാധിപത്യത്തിന്റെ അടയാളമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
◾ഫൈവ് ജി സേവനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ആരംഭിച്ചിരിക്കേ, സിക്സ് ജിയില്‍ ഇന്ത്യ മുന്നിരക്കാരാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സിക്സ് ജി വികസിപ്പിക്കുന്നതിന് ആവശ്യമായ നിരവധി സാങ്കേതിക വിദ്യകളുടെ പേറ്റന്റ് ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ കൈവശമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
◾ഗുജറാത്തിലെ സൂറത്തില്‍ പിടിച്ചെടുത്തത് 317 കോടി രൂപയുടെ കള്ളനോട്ട്. അഹമ്മദാബാദ് – മുംബൈ ഹൈവേയില്‍ പാര്‍ഡി ഗ്രാമത്തിന് സമീപം ദിക്രി എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മൊത്തം 316 കോടി 98 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ കണ്ടെത്തിയത്.
◾വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര് മരിച്ചു. മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക് റോഡില്‍ പുലര്‍ച്ചെ രണ്ടേകാലിനാണ് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
◾ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നുവീണു.
◾നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷ പരിപാടികള്‍. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവാണ് മുഖ്യാതിഥി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍എസ്എസിന്റെ പരിപാടിയില്‍ ഒരു വനിത മുഖ്യാതിഥി ആയി എത്തുന്നത്.
◾ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. നാലു ഭീകരരെ വധിച്ചു. ദ്രാച്ചിലിലെ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈന് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് യുക്രൈന് പ്രസിഡന്റ് വ്ളോദ്മിര്‍ സെലെന്‍സ്കി. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ താന്‍ മോദിയെ ക്ഷണിച്ചെന്ന് സെലന്‍സ്കി വെളിപ്പെടുത്തി.
◾ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വീണ്ടും ഇലോണ്‍ മസ്ക്. ഏറ്റെടുക്കല്‍ കരാറില്‍നിന്ന് പിന്മാറിയതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിരിക്കേയാണ് ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന് മസ്ക് പറഞ്ഞത്. 4,400 കോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണു ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിനെ നേരത്തെ അറിയിച്ചിരുന്നത്. ഒരു ഷെയറിന് 54.20 ഡോളറായിരുന്നു വാഗ്ദാനം.
◾ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന ഇന്‍ജെനുവിറ്റി ഹെലികോപ്റ്ററിന്റെ അടിയില്‍ അജ്ഞാത വസ്തു. ഹെലികോപ്റ്ററിന്റെ 33 ാമത്തെ പറക്കലിന് ഇടയിലാണ് നാവിഗേഷന്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ ഈ വസ്തു കണ്ടത്.
◾ഹോളിവുഡിലെ മാതൃകാ താരദമ്പതികളായിരുന്ന ബ്രാഡ് പിറ്റിനെതിരെ കോടതിയില്‍ അധിക്ഷേപകരമായ പെരുമാറ്റമെന്ന രണ്ടുവാക്കില്‍ നടത്തിയ ആരോപണം വിശദീകരിച്ച് മുന്‍ ഭാര്യ ആഞ്ജലീന ജോളി. 2016 ല്‍ വിവാഹ മോചനക്കേസില്‍ ബ്രാഡ് പിറ്റ് അധിക്ഷേപിച്ചുവെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഈ അധിക്ഷേപത്തേക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് മറ്റൊരു കേസില്‍ ഇപ്പോള്‍ പുറത്തുവിട്ടത്.
◾പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഏറ്റവും വലിയ നുണയനാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
◾സമയത്തിനു ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള സഹായിയാണ് റെയില്‍വേയുടെ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്. ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്മെന്റ് വാലറ്റുകള്‍ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയില്‍ വാലറ്റില്‍ നിക്ഷേപി്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്. സ്റ്റേഷനില്‍ നിന്നും 20 മീറ്റര്‍ അകലത്തില്‍ വരെ ഇത്തരത്തില്‍ ടിക്കറ്റെടുക്കാം. സ്റ്റേഷനില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍, അവിടെ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് ആപ്പിലൂടെ സ്കാന്‍ ചെയ്ത് ആ സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശി്ക്കുന്നതിന് മുമ്പുതന്നെ എടുക്കാന്‍ കഴിയും. അതിനായി ആപ്പിലുള്ള ‘ക്യുആര്‍ ബുക്കിങ്’ എന്ന ഓപ്ഷന് ഉപയോഗിക്കണം. ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്തു് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി.
◾വിജയ ദശമി ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഏറെ നാളുകള്‍ക്കു ശേഷമാണ് വില 38,000 കടക്കുന്നത്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 ആയി. ഇന്നലെ പവന് വിലയില്‍ 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തനിടെയുണ്ടായ വര്‍ധന 720 രൂപ.
◾മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളിക്ക് ഒരു പൊന്‍തൂവല്‍ കൂടി. ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ചിത്രം അര്‍ഹമായിരിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.
◾വിനീത് ശ്രീനിവാസന് നയകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’എന്നാണ് ചിത്രത്തിന്റെ പേര്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിനീത് ശ്രീനിവാസന് അറിയിച്ചു. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന് അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന് പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന് കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
◾സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ആക്സസ് 125 സ്കൂട്ടറിന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ സ്കീം അവതരിപ്പിച്ചു . സോളിഡ് ഐസ് ഗ്രീന്‍ വിത്ത് പേള്‍ മിറേജ് വൈറ്റ് എന്നാണ് ഈ പുതിയ പെയിന്റ് സ്കീമിന്റെ പേര്. ഇത് ആക്സസ് 125-ന്റെ റൈഡ് കണക്റ്റിലും പ്രത്യേക പതിപ്പിലും മാത്രമേ ലഭ്യമാകൂ. അതേസമയം പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്കീമിന് സുസുക്കി അധിക പണം ഈടാക്കുന്നില്ല. സ്പെഷ്യല്‍ എഡിഷന്റെ വില 83,000 രൂപയാണ് . റൈഡ് കണക്ട് എഡിഷന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 85,200 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 87,200 രൂപയുമാണ് വില.
◾അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി. ‘ലീലാവിലോലം’. ശ്രീലത. എച്ച് & സി ബുക്സ്. വില 90 രൂപ.
◾സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും പേടി തോന്നുമ്പോഴുമൊക്കെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം നമ്മുക്ക് മനസ്സിലാകും. ഈ സമയം നിങ്ങളുടെ ശ്വാസോച്ഛ്വാസം വേഗത്തിലാകും. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നതുകൊണ്ട് നിങ്ങള്‍ ശാരീരികമായും മാനസികമായും തളരാന്‍ ഇത് കാരണമാകും. രക്തത്തിലേക്ക് കോര്‍ട്ടിസോളും അഡ്രിനാലിനും പോലുള്ള ഹോര്‍മോണുകള്‍ ശരീരം കൂടുതലായി പുറപ്പെടുവിക്കും. ഇത് ശരീരത്തിന് ശരിയായ രീതിയില്‍ ഉപാപചയം ചെയ്യാനാകാതെ വരിമ്പോഴാണ് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ ഉയരുന്നത്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ മുതല്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന ചെറിയ അപകടം പോലും സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്. സാമ്പത്തിക പ്രശ്നങ്ങളും ബന്ധങ്ങളിലെ ഉലച്ചിലുമൊക്കെ ചിലരെ വലിയ സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. ഇതുമൂലം ശാരീരികവും വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിയും വരാം. ആളുകള്‍ പല രീതിയിലാണ് സമ്മര്‍ദ്ദത്തെ നേരിടുന്നത്. ടൈപ് 2 പ്രമേഹം ഉള്ള ആളുകള്‍ വൈകാരികമായി സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. അതേസമയം ഇതേ സാഹചര്യത്തോട് ടൈപ് 1 പ്രമേഹം ഉള്ളവര്‍ വ്യത്യസ്തമായി ആയിരിക്കും പ്രതികരിക്കുക. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നില ചിലപ്പോള്‍ ഉയരാനും ചിലപ്പോള്‍ താഴാനും സാധ്യതയുണ്ട്. അപകടം പോലുള്ള ശാരീരിക സമ്മര്‍ദ്ദം മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇതുമൂലം ടൈപ് 1, ടൈപ് 2 പ്രമേഹരോഗികള്‍ക്ക് പ്രശ്നമുണ്ടാകാറുണ്ട്. പ്രമേഹ രോഗികളില്‍ പൊതുവായി കാണുന്ന ഒന്നാണ് സമ്മര്‍ദ്ദം, പ്രത്യേകിച്ചും പ്രമേഹം കണ്ടെത്തിയ ആദ്യനാളുകളില്‍. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ശ്രദ്ധിക്കേണ്ടിവരുന്നത് തുടക്കത്തില്‍ വെല്ലുവിളിയായി തോന്നിയേക്കാം. ഇനിയെന്താകും എന്ന പേടി മുതല്‍ ഷുഗര്‍ കുറഞ്ഞുപോകുമോ എന്ന ടെന്‍ഷന്‍ വരെയുണ്ടാകും. ഇത്തരം ഉത്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതുപോലെ പ്രയാസമാണ് ഈ വേവലാതി എപ്പോള്‍ ഉടലെടുക്കുമെന്ന ചിന്തയെ നിയന്ത്രിക്കുന്നതും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഇടയ്ക്കിടെ മാത്രമേ നിങ്ങളെ അലട്ടുന്നുള്ളെങ്കില് ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.44, പൗണ്ട് – 92.93, യൂറോ – 80.96, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 215.72, കുവൈത്ത് ദിനാര്‍ -263.11, ഒമാനി റിയാല്‍ – 211.72, സൗദി റിയാല്‍ – 21.65, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.35, കനേഡിയന്‍ ഡോളര്‍ – 60.02