◾പ്രിയ വര്‍ഗീസിനു യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിലെ, റിസര്‍ച്ച് എക്സ്പീരിയന്‍സ് ടീച്ചിംഗ് എക്സ്പീരിയന്‍സ് ആകില്ലെന്ന പരാമര്‍ശം വളരെയധികം അധ്യാപകരെ ബാധിക്കുമെന്നു കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോടു വ്യക്തത തേടിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള മൂന്നു പേരുടെ യോഗ്യത വീണ്ടും പരിശോധിക്കും. വിസി പറഞ്ഞു. സിന്‍ഡിക്കറ്റ് 30 നു ചേരും.
◾മദ്യവില വര്‍ധിപ്പിക്കും. വില കൂട്ടാതെ മദ്യം ഇറക്കില്ലെന്ന നിലപാടിലാണ് ഡിസ്റ്റിലറികള്‍. മൂന്നാഴ്ചയായി തുടരുന്ന മദ്യക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വരുമാനം കുറയും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നൂറു കോടി രൂപയുടെ വരുമാനം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കി. 13 ശതമാനം ടേണ്‍ഓവര്‍ ടാക്സ് ഒഴിവാക്കണമെന്നും മദ്യക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് ഒഴിവാക്കിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന 170 കോടി രൂപയുടെ നഷ്ടം വില്‍പന നികുതി വര്‍ദ്ധിപ്പിച്ച് നികത്തേണ്ടി വരും. ഇങ്ങനെ രണ്ടുതരത്തിലാണ് മദ്യവില കൂട്ടുന്നത്.
◾വൈദ്യുതി നിരക്ക് വീണ്ടും കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടുതലുള്ള വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെ ഉപയോഗിക്കുന്ന നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ഇത്തരത്തിലുള്ള നിരക്കുമാറ്റം ആവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി അതോറിറ്റിക്ക് അപേക്ഷ നല്‍കുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചശേഷമേ പുതിയ ബില്ലിംഗ് രീതി നടപ്പാക്കാനാകൂ.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പട്ടയകേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേരളത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
◾സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളോടു ബോണ്ട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി. ബോണ്ട് വയ്പിക്കുന്നതു ഞെട്ടിക്കുന്ന സംഭവമാണ്. സര്‍ക്കാരിനു വിദ്യാര്‍ത്ഥികളില്‍നിന്നു ബോണ്ട് വാങ്ങാം. അതും സര്‍വീസിലുള്ള വിദ്യാര്‍ത്ഥികളോടു മാത്രമേ ആകാവൂ. ബോണ്ട് തുക തിരിച്ചു നല്‍കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ അപ്പീലിലാണ് ഉത്തരവ്.
◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ഗവര്‍ണര്‍ക്കെതിരായ സമര പ്രചാരണങ്ങളും കോടതി വിധിയും ചര്‍ച്ചയാകും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾നിരോധിത പുകയില ഉല്‍പ്പന്നം കൈവശംവച്ചതിനു വിനോദസഞ്ചാരിയില്‍നിന്നു കൈക്കൂലി വാങ്ങിയ അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ സിഐ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പിഴയെന്ന വ്യാജേന 21,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.
◾ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച നീലിമല പാതയില്‍ യാത്ര ദുരിതമാണ്. മാലിന്യ പ്രശ്നം പരിഹരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനത്തട്ടിപ്പു കത്തു കേസ് മുഖ്യമന്ത്രി അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കത്ത് നശിപ്പിച്ചവര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനു കേസെടുത്തിട്ടില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ മൊഴി ഫോണിലൂടെ എടുത്തത് വിചിത്രമാണ്. ആനാവൂര്‍ നാഗപ്പന്‍ സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.
◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അജണ്ട അനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾
◾ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി അനുശാന്തിക്കു ജാമ്യം. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അനുശാന്തിയുടെ ഹര്‍ജി.
◾ബേപ്പൂര്‍ സിഐ ആയിരുന്ന പി.ആര്‍ സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 തവണ വകുപ്പുതല അച്ചടക്ക നടപടി നേരിട്ട സുനുവിനെതിരേ ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളുണ്ട്. അവസാനിപ്പിച്ച കേസ് ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം. പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു പ്രവേശിക്കുന്നതിനാണ് പുനപരിശോധന.
◾ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞതിന്റെ നഷ്ടം കരാറുകാരനില്‍നിന്ന് ഈടാക്കും. കനത്ത മഴയും നിര്‍മ്മാണത്തിലെ അപാകതയുമാണ് ഇടിയാന്‍ കാരണമെന്നു ദുരന്ത നിവാരണ അതോറിട്ടി ശാസ്ത്ര സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും ഇടിയാതിരിക്കാന്‍ കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
◾കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29 ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ജോലിക്കു ഹാജരാകാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളി കെവി പ്രതിഭയെയാണ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. വിദേശമദ്യ തൊഴിലാളി യൂണിയന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ.
◾കുന്നംകുളം ചെമ്മണ്ണൂരിലെ വീട്ടുമുറ്റത്തുനിന്നു വീട്ടമ്മയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സഹപാഠിയെ പോലീസ് തെരയുന്നു. അന്തിക്കാട് സ്വദേശി ആരോമലിനെതിരേയാണ് കേസ്. കാര്‍ തരപ്പെടുത്തിക്കൊടുത്ത വാഹനത്തട്ടിപ്പു കേസിലെ പ്രതി ഷെറിനെ പോലീസ് പിടികൂടി.
◾സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചില്‍നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി പി.പി. സദാനന്ദനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി.
◾യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഒരു അപ്പകഷണത്തിനുവേണ്ടി ജോസഫ് സ്‌കറിയയും ഒരു പ്രിയാ വര്‍ഗീസും തമ്മിലുള്ള പോരാണെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് കെ.കെ രാഗേഷിനെ പാര്‍ട്ടി പുറത്താക്കിയാലോ തങ്ങള്‍ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു. വിവാദം നിയമനമോ നിയമന ഉത്തരവോ ഇല്ലാത്ത റാങ്ക് ലിസ്റ്റിനെച്ചൊല്ലിയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
◾അട്ടപ്പാടി മധുകൊലക്കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസോ ചെലവോ അനുവദിക്കാതെ സര്‍ക്കാര്‍. 122 സാക്ഷികളുള്ള കേസില്‍ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. സര്‍ക്കാര്‍ അനുവദിച്ച ഫീസായ 240 രൂപ നിരക്കില്‍ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനു കത്ത് എഴുതിയെങ്കിലും മറുപടിപോലുമില്ലെന്നു പ്രോസിക്യൂട്ടറുടെ ഓഫീസ്.
◾അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് വയോധിക മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷന് സമീപത്തെ വാട്ടര്‍ ടാങ്ക് റോഡിലായിരുന്നു അപകടം.
◾ഇതാദ്യമായി രാജ്യത്തു സ്വകാര്യാവശ്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന വിക്രം എസ് എന്ന റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ചെന്നൈയിലെ സ്പേസ് കിഡ്സ്, ആന്ധ്രയിലെ എന്‍ സ്പേസ്ടെക്, അര്‍മേനിയയിലെ ബസുംക്യു സ്പേസ് റിസേര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രങ്ങളാണു വിക്ഷേപിച്ചത്.
◾വി.ഡി സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾തീവ്രവാദത്തിന് മാപ്പില്ലെന്നും തീവ്രവാദത്തിന്റെ വേരറുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ തീവ്രവാദ ഫണ്ടിംഗിനെതിരായ അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഭീമ കൊറേഗാവ് കേസില്‍ ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. തടസവാദം ഉന്നയിച്ച എന്‍ഐഎക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതിനുസരിച്ചാണ് ജാമ്യം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ ഹര്‍ജി. കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹ്വ മൊയ്ത്ര എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് കെ കൗള്‍ പിന്മാറി.
◾പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ പത്തു കുട്ടികളടക്കം 21 പേര്‍ മരിച്ചു. ബലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍നിന്നു പാചക വാതകം ചോര്‍ന്നാണ് തീപിടിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
◾ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം തള്ളി ട്വിറ്ററില്‍നിന്ന് കൂട്ടരാജി. എന്‍ജിനിയര്‍മാര്‍ ഉള്‍പെടെ നൂറുകണക്കിനു ജീവനക്കാര്‍ രാജിവച്ചതോടെ ട്വിറ്ററിന്റെ പല ഓഫീസുകളും അടച്ചുപൂട്ടി. കമ്പനി രഹസ്യങ്ങള്‍ പുറത്തുവിടരുതെന്ന് രാജിവച്ച ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
◾കനത്ത മഴമൂലം ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. ടോസിടാന്‍ പോലും കഴിയാത്ത വിധം കനത്ത മഴയായിരുന്നു. പരമ്പരയിലെ അടുത്ത മത്സരം നവംബര്‍ 20 നാണ്.
◾ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് പ്രധാനമാണ് ക്രെഡിറ്റ് സ്‌കോര്‍. ബാങ്കിലെത്താതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ അഥവാ സിബില്‍ സ്‌കോര്‍ മനസിലാക്കാനുള്ള സേവനമായെത്തുകയാണ് മുന്‍നിര ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് ഡിസിഷനിംഗ് കമ്പനികളില്‍ ഒന്നായ എക്സ്പീരിയന്‍ ഇന്ത്യ. വാട്ട്സ്ആപ്പില്‍ ക്രെഡിറ്റ് സ്‌കോര്‍ സൗജന്യമായി പരിശോധിക്കാന്‍ കഴിയുന്ന സേവനമാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ എക്‌സ്പീരിയന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ പതിവായി പരിശോധിക്കാനും ക്രെഡിറ്റ് പോര്‍ട്ട്‌ഫോളിയോ എളുപ്പത്തില്‍ നിരീക്ഷിക്കാനും കഴിയും.
◾രാജ്യത്ത് 20 ‘ബ്യൂട്ടി ടെക്’ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. പ്രീമിയം സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി വെര്‍ച്വല്‍ മേക്കപ്പ് കിയോസ്‌കുകളും, ഡിജിറ്റല്‍ സ്‌കിന്‍ ടെസ്റ്റുകളും ഉള്‍പ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങള്‍ അടങ്ങിയ സ്റ്റോറുകളാവും തുറക്കുക. ഇന്ത്യയില്‍ മാര്‍ക്കറ്റ് പിടിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഏകദേശം 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സൗന്ദര്യ-വ്യക്തിഗത വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ടാറ്റ ഇതിലൂടെ. 18നും 45നും ഇടയില്‍ പ്രായമുള്ള ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ സംരംഭം ആരംഭിക്കുന്നത്. ദി ഹോണസ്റ്റ് കമ്പനി, എല്ലിസ് ബ്രൂക്ലിന്‍, ഗാലിനി എന്നീ ബ്രാന്‍ഡുകളെ ഒപ്പം നിര്‍ത്താനും ടാറ്റ പദ്ധതിയിടുന്നുണ്ട്. നേരത്തെ ടാറ്റ ക്ലിക് പാലറ്റ് എന്ന പേരില്‍ കമ്പനി ബ്യൂട്ടി ഷോപ്പിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു.
◾ലോകമെമ്പാടും സെന്‍സേഷണല്‍ ഹിറ്റായി വിജയ് ചിത്രം വരിശിലെ ‘രഞ്ജിതമേ’ എന്ന ഗാനം. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസം കൊണ്ടാണ് 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്. പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും യുടൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുമുണ്ട്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. വിവേകിന്റേതാണ് വരികള്‍. 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ പ്രത്യേക വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്. ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.
◾വിക്കി കൗശല്‍ നായകനാകുന്ന ചിത്രം ‘ഗോവിന്ദ നാം മേരാ’ തിയറ്ററിലേക്കില്ല. ഡയറക്ട് ഒടിടി റിലീസായിരിക്കും. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് ഖെയ്താനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ചിത്രം ഡിസംബര്‍ 16ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു കോമഡി ചിത്രത്തിന്റെ ഴോണറിലുള്ളതാണ് ‘ഗോവിന്ദ നാം മേരാ’ എന്നാണ് വ്യക്തമാകുന്നത്. ഭൂമി പെഡ്നെകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ വിക്കി കൗശലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് കാണാനായിരുന്നത്.
◾ലിയോണ്‍സിനോ 500-ന്റെ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബെനലി. ഏറ്റവും പുതിയ 2023 ലിയോണ്‍സിനോ 500-നെ മലേഷ്യന്‍ വിപണിയില്‍ ആണ് കമ്പനി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ പുതിയ മോഡലിനെ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 47.6 ബിഎച്ച്പി കരുത്തും 46 എന്‍എം ടോര്‍ക്കും ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സ് ഉപയോഗിച്ച് എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയില്‍ നാല് നിറങ്ങളില്‍ ബെനലി ബൈക്ക് വാഗ്ദാനം ചെയ്യും – റെഡ്, ഡാര്‍ക്ക് യെല്ലോ മാറ്റ് ഗ്രേ, ബ്ലാക്ക്, ഗ്രീന്‍.
◾മുംബൈയിലെ നിശാനര്‍ത്തനശാലകളുടെ മായികവും ദുരൂഹവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന നോവല്‍. പ്രഹേളികനിറഞ്ഞ, നിരവധി രേഖകളും അറിവുകളും ശേഖരിച്ചു പഠിച്ചു തയ്യാറാക്കിയ ഒരു സൂക്ഷ്മലോകം ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു. ജിജ്ഞാസയും ഭാവനയും യാഥാര്‍ത്ഥ്യവും കല്‍പ്പനയും അസാധാരണ മിഴിവോടെ സ്‌തോഭജനകമായി ഈ നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മുംബൈ ബാറിലെ നിശാനര്‍ത്തകിയുടെ ജീവിതകഥ. ‘നിശാനര്‍ത്തകി’. ദേവാസിസ് ചതോപാധ്യായ. പരിഭാഷ – വി. പ്രവീണ. മാതൃഭൂമി. വില 289 രൂപ.
◾പുകവലിക്കുന്നവരില്‍ കാഴ്ച ശക്തി കുറയുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പുകവലിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ മിക്കയാളുകള്‍ക്കും കാഴ്ച മങ്ങിയതായി കണ്ടെത്തി. വായിക്കുവാനും ഡ്രൈവിംഗ് അടക്കമുള്ള ദൈനംദിന ജോലികള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ്, ന്യൂകാസില്‍ യൂണിവേഴ്സിറ്റി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അതോടൊപ്പം, പുകയില ഉപയോഗം തിമിരത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചുകഴിഞ്ഞാല്‍ ഒരേയൊരു മാര്‍ഗം ശസ്ത്രക്രിയയാണെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ, പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും നേത്ര കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലി ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി നമുക്കറിയാം. ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, ആസ്ത്മ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്.