◾ഇന്നു പുതുവല്‍സരം. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ നവവല്‍സരാശംസകള്‍. (2024 എങ്ങനെയാകും? പേരു മാറുമോ? https://dailynewslive.in/will-the-name-change/ )
◾ഏഴാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ പുതുവല്‍സര ഉപഹാരമായി മികച്ച വിദ്യകളും വിഭവങ്ങളും സമ്മാനിക്കുന്നു. ഡെയ്ലി ന്യൂസിന്റെ വിപുലമായ വാട്സ്ആപ് ശ്രംഖലകള്‍ക്കു പുറമേ, നിലവിലുള്ള വെബ്സൈറ്റ് ശക്തമാക്കി. https://dailynewslive.in/ ല്‍ ക്ളിക്കു ചെയ്താല്‍ പുതിയ വാര്‍ത്തകള്‍ തല്‍സമയം അറിയാം. വെബ്സൈറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യാഹ്ന വാര്‍ത്തകളും രാത്രി ഏഴരയോടെ രാത്രി വാര്‍ത്തകളുമുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡു ചെയ്യാവുന്ന മൊബൈല്‍ ആപ് ഉടനേ സജ്ജമാകും. ഇതോടെ ഡെയ്ലി ന്യൂസിന്റെ ചക്രവാളങ്ങള്‍ വിശാലമാകും. അതിവിശിഷ്ട പുരാണ കഥകളെ കോര്‍ത്തിണക്കി ‘മിത്തുകള്‍, മുത്തുകള്‍’ എന്ന കഥാപംക്തി പുതുവല്‍സരമായ ഇന്ന് ആരംഭിക്കും.
◾ഇന്ത്യന്‍ നാവിക സേന അറബിക്കടലിലും ഏഡന്‍ ഉള്‍ക്കടലിലും അഞ്ചു യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവുംകൂടി വിന്യസിപ്പിച്ചു. ഇന്ത്യയിലേക്കു ചരക്കുമായി വരുന്ന കപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായ സഹാചര്യത്തിലാണ് നടപടി. കഴിഞ്ഞയാഴ്ച ഏതാനും യുദ്ധക്കപ്പലുകളെ വിന്യസിച്ചതിനു പിറകേയാണ് ഇന്നലെ കൂടുതല്‍ സന്നാഹം ഒരുക്കിയിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. ആരോപണം ഇറാന്‍ നിഷേധിച്ചു. ഇതേസമയം ചെങ്കടലില്‍ ചരക്കു കപ്പലിനുനേരെ ആക്രമണം നടത്തിയ രണ്ട് ഹൂതി ബോട്ടുകളെ അമേരിക്കന്‍ സേന കടലില്‍ മുക്കി.
◾വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫാണ് മരിച്ചത്. മരിയ ഹോസ്പിറ്റലിന് സമീപം എസ്.ഐ എം. മനീഷിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒന്നരയോടെ വാഹന പരിശോധന നടത്തിയപ്പോഴാണ് സംഭവം.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾തദ്ദേശ സ്ഥാപനങ്ങളിലൂടെ കെ. സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങള്‍ക്കും ഈ മൊബൈല്‍ ആപിലൂടെ അപേക്ഷിക്കാം. സ്‌കാന്‍ ചെയ്താല്‍ ഭൂമി വിവരവും നിര്‍മിക്കാവുന്ന കെട്ടിടത്തിന്റെ പരമാവധി വലുപ്പം അടക്കമുള്ള കാര്യങ്ങളും അറിയാനാകും.
◾പുതുവല്‍സരം ആഘോഷമാക്കി മലയാളികള്‍. കൊച്ചി പരേഡ് ഗ്രൗണ്ടില്‍ 80 അടി ഉയരമുള്ള പാപ്പാഞ്ഞി അര്‍ദ്ധരാത്രിയോടെ കത്തിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. പാട്ടും നൃത്തവുമെല്ലാമായാണ് നാട്ടിന്‍പ്രദേശങ്ങളില്‍പോലും പുതുവല്‍സരത്തെ വരവേറ്റത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടക്കം വന്‍ തിരക്കായിരുന്നു. കോവളം ബീച്ചിലും പുതുവല്‍സരാഘോഷം ഗംഭീരമാക്കി. നഗരങ്ങളില്‍ ഗതാഗതത്തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു.
◾
◾കോണ്‍ഗ്രസിനെക്കുറിച്ച് വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്. കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയതെന്നും രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിനെതിരേ ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണമാണു സുധീരന്‍ ശരിവച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി വാറ്റിയ മുന്തിരി വീഞ്ഞും കേയ്ക്കും കഴിച്ച ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം മറന്നെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. ഉദ്ഘാടന ചടങ്ങില്‍നിന്ന് മുന്‍മന്ത്രിയും ആലപ്പുഴയിലെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി.
◾ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെ ഉണ്ടാകട്ടെയെന്ന് പിണറായി ആശംസിച്ചു.
◾
◾വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് അമേരിക്കയിലേക്കു പോകും. ഇതിനായി അദ്ദേഹം ഇന്നലെ കൊച്ചിയില്‍നിന്ന് ഡല്‍ഹിയില്‍ എത്തി. ഭാര്യയും ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പമുണ്ടാകും. ന്യൂറോ സംബന്ധമായ ചികിത്സക്കാണ് അമേരിക്കയിലേക്കു പോകുന്നത്.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (24), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്‌റഫ് (30) എന്നിവര്‍ പിടിയിലായി.. ബ്രെഡ് ടോസ്റ്ററിനകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
◾പുതുവത്സരത്തലേന്ന് കടകള്‍ വൈകുന്നേരം അഞ്ചിനു അടച്ചുപൂട്ടണമെന്ന മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. ഹോട്ടലുകളും കൂള്‍ബാറുകളും രാത്രി എട്ടിന് അടക്കണമെന്നും ബോട്ട് സര്‍വീസും പടക്കകടകളും വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണമെന്നുമാണു പോലീസിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അരീക്കോട് ഉത്തരകൊറിയയിലാണോയെന്ന ചോദ്യവുമായാണു സാമൂഹ്യമാധ്യമങ്ങളില്‍ പോലീസിന്റെ ഉത്തരവ് പ്രചരിച്ചത്.
◾കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ചു. 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്.
◾ഇരു ചക്രവാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലം പാച്ചല്ലൂര്‍ മണിമന്ദിരത്തില്‍ എസ്. മണികണ്ഠന്റെ ഭാര്യ ആര്‍. സുനിത (42) ആണ് മരിച്ചത്. പരിശീലനം നല്‍കുകയായിരുന്നു മുല്ലൂര്‍ ശാന്തിപുരം സ്വദേശി ഷാജി (39) അപകട ദിവസംതന്നെ മരിച്ചിരുന്നു.
◾തമിഴ്നാട് അതിര്‍ത്തിയായ കളിക്കാവിളയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള മദ്യശാലയില്‍നിന്നു മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാനെത്തിയ യുവാവിനെ ബാര്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കൊല്ലപ്പെട്ടത്. ബാര്‍ ജീവനക്കാരന്‍ മങ്കാട് സ്വദേശി ശങ്കരന്‍ ഒളിവിലാണ്.
◾കന്യാകുമാരി മാര്‍ത്താണ്ഡത്തെ ജ്വല്ലറിയില്‍നിന്ന് 54 പവന്‍ സ്വര്‍ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.
◾ബഹിരാകാശത്തെ തമോഗര്‍ത്തങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഇന്നു രാവിലെ ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിക്കും. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ പഠിക്കാന്‍ എക്സ്പോസാറ്റ് ഉപഗ്രഹമാണ് ബഹിരാകാശത്ത് എത്തിക്കുക. രാവിലെ 9.10 നാണ് വിക്ഷേപണം.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ 22 നു നടക്കാനിരിക്കെ, ക്ഷേത്ര നിര്‍മാണത്തിനു പണം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത്. സംഭാവന ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങളും ക്യൂ ആര്‍ കോഡും പ്രചരിപ്പിക്കുന്നുണ്ടെന്നു വിഎച്ച്പി മുന്നറിയിപ്പു നല്‍കി.
◾കാഷ്മീരിലെ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പന്ത്രണ്ടര ലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കാഷ്മീര്‍ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിര്‍ത്തികളിലെ അനധികൃത തുരങ്കങ്ങള്‍, മയക്കുമരുന്ന് വിതരണം, ഡ്രോണ്‍ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
◾കാഷ്മീരിലെ വിഘടനാവാദ സംഘടനയായ തെഹരിക് ഇ ഹൂറിയതിനെ യുഎപിഎ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയതിനാലാണു നിരോധനമെന്നാണു വിശദീകരണം.
◾കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുവിറ്റ കേസില്‍ ബിജെപി എം പി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ക്രൈം സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾ലോകത്ത് പുതുവല്‍സരം ആദ്യം പിറന്നത് പസഫികിലെ ചെറു ദ്വീപായ കിരിബാത്തിയില്‍. തൊട്ടു പിറകേ, ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം.
◾രാജ്യത്തെ ഡീമാറ്റ്, മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസവാര്‍ത്തയുമായി സെബി. നോമിനേഷന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നല്‍കിയത്. ഇതോടെ, 2024 ജൂണ്‍ 30 വരെ അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയുടെ പേര് ചേര്‍ക്കാനാകും. നേരത്തെ ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സെബി തീയതി നീട്ടി നല്‍കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് നോമിനേഷന്‍ നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. മരണശേഷം നിക്ഷേപകരുടെ അക്കൗണ്ടിലുള്ള പണം ആര്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശം നല്‍കുന്നതാണ് നോമിനേഷന്‍. ഡീമാറ്റ് അക്കൗണ്ടില്‍ നോമിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. ഇതിനായി എന്‍.എസ്.ഡി.എല്‍ പോര്‍ട്ടലാണ് സന്ദര്‍ശിക്കേണ്ടത്. അതേസമയം, മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉള്ളവര്‍ക്ക് ഫണ്ട് വെബ്സൈറ്റുകളിലോ, രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുകളുടെ വെബ്സൈറ്റുകളിലോ നോമിനേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പുതിയ നോമിനിയുടെ പേര് ചേര്‍ക്കാനും, നിലവിലുള്ള പേരില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്. അതേസമയം, നോമിനേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനുള്ള ഓപ്ഷനും ലഭ്യമാണ്.
◾സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത്ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വില്‍സണും സിനിമയിലെ അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. നാല് മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. ആക്ഷന്‍ സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും. സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോഖി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാക്രോം പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സഹനിര്‍മ്മാണം ജയന്‍ ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വര്‍ഗീസ്.
◾കാര്‍ നിര്‍മ്മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി. ഷവോമി ഇതാദ്യമായാണ് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഷവോമിയുടെ കാറുകള്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയാണ് ഷവോമിയുടെ പ്രധാന എതിരാളി. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്താണ് ഷവോമിയുടെ ഭാഗ്യപരീക്ഷണം. ഇതിലൂടെ അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍ മുന്‍നിരയില്‍ എത്താനാണ് കമ്പനിയുടെ ലക്ഷ്യം. ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്‌സുമാണ് അവ. ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ് എസ് യു സെവന്‍. മണിക്കൂറില്‍ 265 കിലോമീറ്ററാണ് പരമാവധി വേഗം. 5 സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.
◾നിര്‍വചനങ്ങള്‍ക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ച ഒരപൂര്‍വ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്‌കാരമാണ് പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ കുമരാസുരന്‍. തമിഴകത്തിന്റെ ഉള്‍നാടന്‍ ഗ്രാമജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകള്‍. എന്നാല്‍ അവയില്‍നിന്നൊക്കെ വ്യത്യസ്തമായി പുതിയ തലമുറയുടെ വീക്ഷണകോണിലൂടെ പറയുന്ന കഥയാണ് കുമരാസുരന്‍. രണ്ടു തലമുറകളുടെ സമാന്തരമായ ചിന്താസഞ്ചാരമാണിതില്‍. കൊറോണക്കാലവും ലോക്ഡൗണും പശ്ചാത്തലമാകുന്ന ഈ കൃതി തികച്ചും പുതുമയാര്‍ന്നൊരു വായനാനുഭവമായിരിക്കും വായനക്കാര്‍ക്ക് സമ്മാനിക്കുക. ‘കുമാരാസുരന്‍’. പെരുമാള്‍ മുരുകന്‍. ഡിസി ബുക്സ്. വില 399 രൂപ.
◾മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഐസ് ഉപയോഗിച്ച് നമ്മുടെ ചര്‍മ്മം എത്രത്തോളം സുന്ദരമാക്കാന്‍ സാധിക്കും എന്ന് നോക്കാം. ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ നല്ല രീതിയില്‍ മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഉടന്‍ തന്നെ ശരീരം രക്തയോട്ടം വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ രക്തം മുഖത്തേക്ക് കടത്തിവിടുന്നു. ഇതിന്റെ ഫലമായി മുഖത്തിന് ആരോഗ്യകരമായ തിളക്കം കൈവരുന്നു. കണ്‍തടത്തിലെ കറുപ്പ് നീക്കാനായി നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവിയാല്‍ മതി. കൂടാതെ, ഐസ്‌ക്യൂബിനു പകരം വെള്ളരിക്കയുടെ നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കട്ടിയാക്കി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. പാല്‍ ഐസ് ക്യൂബാക്കി ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ശുദ്ധമായ ഒരു എക്‌സ്‌ഫോളിയേറ്ററിന്റെ ഗുണം ചെയ്യും. പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ഐസ് മുഖചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നത് മുഖത്തെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സുഷിരങ്ങള്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതിലൂടെ മുഖത്തെ എണ്ണമയം കുറച്ച് മുഖചര്‍മ്മം കൂടുതല്‍ സുന്ദരമാക്കുന്നു. കുറച്ച് നാരങ്ങാനീര് കൂടി ഐസില്‍ ചേര്‍ക്കുകയാണെങ്കില്‍ മുഖചര്‍മ്മം കൂടുലായി സുന്ദരമാക്കാന്‍ സാധിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ബിസിനസ്സ് നശിച്ചതിന്റെ ഡിപ്രഷനില്‍ അയാള്‍ മദ്യപാനത്തിന് അടിമയായി. മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമെല്ലാം അയാളെ ഉപേക്ഷിച്ചു. ഒരിക്കല്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ തിരിഞ്ഞുനോക്കാതായി. ജീവിതം മടുത്തു. ജീവിതം അവസാനിപ്പിക്കുക എന്ന ചിന്തയുമായി അയാള്‍ ആ നദിക്കരയില്‍ ഇരുന്നു കരഞ്ഞു. അപ്പോള്‍ അത് വഴി കടന്നുപോയിരുന്ന ഗുരുവും ശിഷ്യന്മാരും ഈ കരച്ചില്‍ കേട്ടു. അവര്‍ അദ്ദേഹത്തെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗുരുവിനോട് അയാള്‍ തന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ഗുരു അദ്ദേഹത്തെ തന്റെ ആശ്രമത്തിലെ കുറച്ച് പേരെ പരിചയപ്പെടുത്തി. ആദ്യത്തെയാള്‍ നല്ല യോദ്ധാവായിരുന്നു. യുദ്ധത്തില്‍ അയാളുടെ രണ്ട് കാലുകളും ഒരു കൈയ്യും നഷ്ടപ്പെട്ടു. ഗുരു ചോദിച്ചു: ഈ യോദ്ധാവിനേക്കാള്‍ ശാരീരികമായി നീ സന്തോഷവാനാണോ അതോ ദുഃഖിതനാണോ.. അയാളുടെ മറുപടി പെട്ടന്നായിരുന്നു. തീര്‍ച്ചയായും ഞാന്‍ ഈ യോദ്ധാവിനേക്കാള്‍ ഒരുപാട് സന്തോഷവാനാണ്. ഗുരു രണ്ടാമത്തെയാളെ പരിചയപ്പെടുത്തി. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും ഒരു വാഹനാപകടത്തില്‍ നഷ്ടപ്പെട്ടു. ഇനി പറയൂ ഇയാളേക്കാള്‍ താങ്കള്‍ സന്തോഷവാനാണോ അതോ ദുഃഖിതനാണോ.. ഉത്തരത്തിനായി അയാള്‍ക്ക് ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല. അയാള്‍ പറഞ്ഞു: എന്റെ നല്ലതല്ലാത്ത പ്രവൃത്തികള്‍കൊണ്ടാണ് എന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളും എന്നെ വിട്ട് പോയത്. ഞാന്‍ സ്നേഹത്തോടെ പെരുമാറിയാല്‍ ഇനിയും അവരെല്ലാം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരും.. ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനാണ്. ഗുരു മൂന്നാമനെ പരിചയപ്പെടുത്തി. ഇദ്ദേഹം വലിയൊരു വ്യാപാരിയായിരുന്നു. തന്റെ അത്യാഗ്രഹവും പിടിപ്പുകേടും കാരണം വ്യാപാരമെല്ലാം നഷ്ടത്തിലായി. പിന്നീട് തെരുവില്‍ യാചകനായി. ഇപ്പോള്‍ പ്രായമായി. പക്ഷേ, തെറ്റുകള്‍ തിരുത്തി മുന്നോട്ടപോകാനുള്ള ആരോഗ്യം അദ്ദേഹത്തിനില്ലാതായി. ഗുരു ചോദിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ ഇപ്പോഴും ഭാഗ്യവാന്‍ തന്നെയാണ്. എന്നെതന്നെ തിരുത്താനും മുന്നോട്ട് പോകാനും ബിസിനസ്സില്‍ വിജയിക്കാനും എനിക്ക് ഇനിയും സമയമുണ്ട്. ഒരു പുഞ്ചിരിയോടെ ഗുരു പറഞ്ഞു: പകലിന് ശേഷം രാത്രി വരുന്നതുപോലെ രാത്രിക്ക് ശേഷം ഒരു പകലും കടന്നുവരും.. മാറ്റം ഈ ലോകത്തിന്റെ ശാശ്വത സത്യമാണ്. സ്വയം വിചിന്തനം ചെയ്യുക.. പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്താന്‍ മനസ്സിനെ പാകപ്പെടുത്തുക. ഗുരു പറഞ്ഞു നിര്‍ത്തി. അതെ, നല്ലത് വരും … മോശം വരും.. അഭിനന്ദനങ്ങള്‍ വരും.. വിമര്‍ശനങ്ങള്‍ വരും.. എല്ലാം സ്വീകരിക്കുക.. തിരുത്തേണ്ടിടത്ത് തിരുത്തലുകള്‍ വരുത്തുക.. മുന്നോട്ട് തന്നെ പോവുക… പുതിയവര്‍ഷം …. പുതിയ ആരംഭം – ശുഭദിനം.