*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾75 വര്‍ഷത്തെ ഐതിഹാസികമായ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പാര്‍ലമെന്റ് മന്ദിരം പുതതലമുറക്കുള്ള ചരിത്ര പഠനകേന്ദ്രവും പ്രചോദനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോടു വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ പതാക ചന്ദ്രനിലെത്തി. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളുണ്ടായി. ജി 20 ഉച്ചകോടി വന്‍ വിജയമായി. മോദി പറഞ്ഞു.
◾
◾സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും പ്രഭാത ഭക്ഷണ പരിപാടി നടപ്പാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. പിടിഎ, എസ്എംസി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കും. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 12,040 സ്‌കൂളുകളില്‍ 2,400 സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി നടക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടക്കുന്നത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾വിവാദമായ നിയമസഭ തല്ലിത്തകര്‍ത്ത കയ്യാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിര്‍ദേശം. എംഎ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവര്‍ എല്‍ഡിഎഫിന്റെ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്നാണു കേസ്.
◾കൂടുതല്‍ പേര്‍ക്കു നിപ രോഗവ്യാപനമില്ല. പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണ്. നിപ ബാധിച്ചു മരിച്ച ഹാരിസുമായി അടുത്തിടപഴകിയ വ്യക്തിയുടെ പരിശോധനാഫലവും നെഗറ്റീവാണ്.
◾എഐ ക്യാമറ സ്ഥാപിച്ചതിന് കെല്‍ട്രോണിന് ആദ്യ ഗഡുവായ 11 കോടി രൂപ നല്‍കാമെന്നു ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. ജൂണ്‍ 23 മുതല്‍ കാമറ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കാന്‍ കോടതി അനുമതി നല്‍കിയത്.
◾ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണു ഹര്‍ജി നല്‍കിയത്. വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഐജി പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വീണ്ടും മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വകുപ്പുതല അന്വേഷണത്തിനു തടസമാകില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസിലെ പ്രതിയെ പിടികൂടി കൊണ്ടുവരുന്നതിനു വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തില്ലെന്ന വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന് ആരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18 ന് സസ്‌പെന്‍ഡ് ചെയ്തത്.
◾ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി അറേബ്യയിലേക്ക്. അടുത്ത മാസം 19 മുതല്‍ 22 വരെ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി.
◾ഇന്ത്യ സഖ്യം രൂപീകരിച്ച എല്ലാ സമിതികളിലും സിപിഐ തുടരുമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസുമായി വേദി പങ്കിട്ടാല്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുര്‍ബലപ്പെടില്ലെന്നും ബിജെപിയാണു മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം തൃശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തി. അറസ്റ്റിലായ സതീഷ് കുമാര്‍ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. സിപിഎം നേതാക്കള്‍ അടക്കം പലരുടേയും കള്ളപ്പണം ഇയാള്‍ കൈകാര്യം ചെയ്‌തെന്നും ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ്.
◾മന്ത്രിസഭ പുനസംഘടനയും ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവും നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതു വിവാദങ്ങള്‍ ഒഴിവാക്കാനാണ്. ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾കനത്ത മഴമൂലം തൃശൂര്‍ ജില്ലയിലെ പൂമല ഡാം ഇന്നു തുറക്കും. ഷോളയാര്‍ ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്.
◾മലയാറ്റൂരിലെ ബസ് സ്റ്റേപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 1,22,700 രൂപയ്ക്കു ജനകീയ സമിതി പിരിവെടുത്തു നിര്‍മിച്ച ബസ് സ്റ്റോപ്പാണു തരംഗമായത്. മനോഹാരിതയും സൗകര്യങ്ങളും ധാരാളമുണ്ടെന്നു മാത്രമല്ല, നിര്‍മാണ ചെലവു വളരെ കുറവാണ്. എംപി ഫണ്ടോ എംഎല്‍എ ഫണ്ടോ ഉപയോഗിച്ച് മരാമത്ത് വകുപ്പു നിര്‍മിക്കുകയാണെങ്കില്‍ 15 മുതല്‍ 25 വരെ ലക്ഷം രൂപ ചെലവാക്കുമായിരുന്നുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.
◾കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ ഓടിച്ച പൊലീസ് ജീപ്പ് മൈലപ്രയില്‍ ഇന്നലെ രാത്രി കടയിലേക്ക് ഇടുച്ചു കയറി. അമിതവേഗതയിലായിരുന്നുവെന്നും ഡിവൈഎസ്പി മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു.
◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഒന്നാം പ്രതി തോമസ് ഐസകാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയില്‍ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി ദുര്‍ബലമായെന്ന തോന്നല്‍കൊണ്ടാകണം മുന്‍ ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾കരുവന്നൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന സിപിഎം നേതാക്കളുടെ തട്ടിപ്പു പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു അദ്ദേഹം.
◾ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍. ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന്‍ ( 66) ആണ് മരിച്ചത്. രാവിലെ ഒമ്പതിനു ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെന്നൈയില്‍നിന്ന് കയറിയ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.
◾കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കര്‍ണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സംശയരോഗമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ്.
◾സൂര്യപര്യവേഷണം നടത്തുന്ന ആദിത്യ എല്‍ വണിനു ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍നിന്ന് ഇന്ന് അര്‍ധരാത്രി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടിന് വിടുതല്‍ നല്‍കും. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്രക്കിടെ ആദിത്യ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചു. ഭൂമിക്കു ചുറ്റുമുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്.
◾ഗുജറാത്തില്‍ കനത്ത മഴ. ഡാമുകള്‍ തുറന്നതോടെ വിവിധ ജില്ലകളില്‍ പ്രളയം. നൂറുകണക്കിന് ആളുകളെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു.
◾2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ 55 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കട ബാധ്യത മോദി ഭരണത്തില്‍ 155 ലക്ഷം കോടി രൂപയായെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയതില്‍ ഏഴര ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് അഴിമതിയാണു ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരു ജെപി നഗറിലെ സത്യഗണപതി ക്ഷേത്രം 65 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ഇത്തവണ 10, 20, 50 രൂപയുടെ കറന്‍സികള്‍ മുതല്‍ 500 രൂപ കറന്‍സി വരെ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്.
◾വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു. അഞ്ചുവയസുകാരി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം തീഗോളമായി ഇടിച്ചുകയറുകയായിരുന്നു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം.
◾ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആറ് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത് നിരവധി യുദ്ധോപകരണങ്ങളുമായി. അഞ്ചു സായുധ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണും ബുള്ളറ്റ് പ്രൂഫ് കവചവും കിമ്മിന് റഷ്യ സമ്മാനിച്ചു.
◾വായ്പാ കുടിശിക വരുത്താന്‍ സാധ്യതയുള്ള വ്യക്തികളെ ഒരുപെട്ടി ചോക്ലേറ്റുമായി സമീപിച്ച് തിരിച്ചടവിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡ് കോളിന് മറുപടി നല്‍കാത്തവരെയാണ് ‘എസ്.ബി.ഐ ചോക്ലേറ്റ് എക്സ്പിരിമെന്റ്’ പദ്ധതിപ്രകാരം ചെന്നു കാണുക. റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്. അത്തരം വ്യക്തികളുടെ വീടുകളില്‍ ചോക്ലേറ്റ് പെട്ടിയുമായി ബാങ്ക് പ്രതിനിധികള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തും. എസ്.ബി.ഐയുടെ ചെറുകിട വായ്പകള്‍ ജൂണ്‍ പാദത്തില്‍ 16.46 ശതമാനം വര്‍ധിച്ച് 12,04,279 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 10,34,111 കോടി രൂപയായിരുന്നു. ഇതോടെ ബാങ്കിന്റെ മൊത്തം വായ്പകളുടെ മുഖ്യപങ്കും റീറ്റെയ്ല്‍ വായ്പകളാണ്. 33,03,371 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം വായ്പാ ബുക്ക്. വായ്പകളില്‍ 13.9 ശതമാനം വാര്‍ഷിക വളര്‍ച്ചയുമുണ്ടാകുന്നുണ്ട്. ഫിന്‍ടെക് കമ്പനികളുമായി ചേര്‍ന്ന്തിരിച്ചടവ് വീഴ്ച വരുത്തുന്ന ഉപയോക്താക്കള്‍ക്കള്‍ക്ക് റിമൈന്‍ഡറുകളയക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന രണ്ട് ഫിന്‍ടെക് കമ്പനികളുമായി ബാങ്ക് കൈകോര്‍ത്തിട്ടുണ്ട്. ഒരു കമ്പനി കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോള്‍, മറ്റൊരു കമ്പനി കടം വാങ്ങുന്നയാളുടെ വീഴ്ചയുടെ പ്രവണതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ ഫിന്‍ടെക് കമ്പനി നേരിട്ട് ചോക്ലേറ്റ് പെട്ടിയുമായി പോയി കണ്ട് അടുത്ത ഇ.എം.ഐയെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യും.
◾ഗ്രൂപ്പ് കോളിങ് കൂടുതല്‍ സുഗമമമായി നടത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരേ സമയം 31 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോളിങ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറുടെ പ്രത്യേകത. കോള്‍ ടാബില്‍ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. വാട്സ്ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ 2.23.19.16 ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. നിലവില്‍ തന്നെ 32 പേരെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍ ചെയ്യുന്നതിനുള്ള സൗകര്യം വാട്സ്ആപ്പില്‍ ഉണ്ട്. എന്നാല്‍ കോള്‍ ആരംഭിക്കുന്ന സമയത്ത് ഉപയോക്താക്കളുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ 31 പേരെ വരെ ഞൊടിയിടയില്‍ കണക്ട് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പ് കോളിങ് കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവന്നത്. കോള്‍ ടാബില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സ്‌ക്രീനില്‍ കോള്‍ ലിങ്കുകള്‍ സൂചിപ്പിക്കില്ല. കൂടാതെ പ്ലസ് ഐക്കണ്‍ കൂടി ചേര്‍ത്ത് ഫ്ളോട്ടിങ് ആക്ഷന്‍ ബട്ടണ്‍ പുതുക്കിയിട്ടുണ്ട്.
◾മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് ‘ആര്‍ഡിഎക്‌സ്’ എത്തിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പിനെ പിന്തള്ളിയാണ് ആര്‍ഡിഎക്‌സ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ അഞ്ച് സാമ്പത്തിക വിജയങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. കുറുപ്പിന്റെ ലൈഫ് ടൈം കളക്ഷന്‍ 81 കോടി ആയിരുന്നെന്നും 24 ദിവസം കൊണ്ടാണ് ആര്‍ഡിഎക്‌സ് ഇതിനെ മറികടന്നിരിക്കുന്നതെന്നും പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അതേസമയം നാലാം സ്ഥാനത്ത് നിലവിലുള്ളത് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വമാണ്. ലൈഫ് ടൈം കളക്ഷനില്‍ ആര്‍ഡിഎക്‌സ് ഭീഷ്മയെ മറികടക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു ചിത്രം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളചിത്രമാണ് ആര്‍ഡിഎക്‌സ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവ മാത്രമാണ് മലയാളത്തില്‍ നിന്ന് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ മൂന്ന് ഇതരഭാഷാ ചിത്രങ്ങളും ആര്‍ഡിഎക്‌സിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2, ജയിലര്‍ എന്നിവയാണ് അവ.
◾സി സി നിതിന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു ‘കൊറോണ ധവാന്‍’. രസകരമായ ഒരു കോമഡി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായിരുന്നു കൊറോണ ധവാന്‍. കൊറോണ ധവാന്‍ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കൊറോണ ധവാന്‍ സെപ്തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്‍, ഹരീഷ് പെങ്ങന്‍, ശ്രുതി ജയന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ കൊറോണ ധവാനില്‍ വേഷമിട്ടിരുന്നു. തിരക്കഥ സുജൈ മോഹന്‍രാജായിരുന്നു എഴുതിയത്. ഛായാഗ്രാഹണം ജനീഷ് ജയനന്ദനായിരുന്നു നിര്‍വഹിച്ചത്. സംഗീതം റിജോ ജോസഫ് ആയിരുന്നു. കൊറോണ ജവാന്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കൊറോണ ധവാന്‍ എന്ന് മാറ്റുകയായിരുന്നു.
◾ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 46 വെന്യു സബ്കോംപാക്റ്റ് എസ്യുവികള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കൈമാറി. വിശാലമായ ഇന്റീരിയറുകളും ക്ലാസ്-ലീഡിംഗ് കംഫര്‍ട്ട്, സൗകര്യം, സുരക്ഷാ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന മോഡലാണ് ഹ്യൂണ്ടായ് വെന്യു. ബ്രാന്‍ഡിന്റെ ജനപ്രിയ സബ്കോംപാക്റ്റ് എസ്യുവിയാണ് ഹ്യുണ്ടായ് വെന്യു. ഇത് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. നിലവില്‍ എഡിഎഎസ് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് വെന്യു. 7.77 ലക്ഷം രൂപ മുതല്‍ 13.34 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് വെന്യുവിന്റെ വില . പുതിയ സൗകര്യത്തോടെ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക ഉല്‍പ്പാദനം 10 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് ഹ്യുണ്ടായ് പദ്ധതിയിടുന്നത്. 2025-ല്‍ ഉല്‍പ്പാദനം ആരംഭിക്കാനിരിക്കെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് 5,000 കോടി രൂപയുടെ പ്രതിബദ്ധത ഹ്യൂണ്ടായ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സൗകര്യം പ്രവര്‍ത്തനം ആരംഭിച്ചാല്‍ 4,500 ഓളം നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾ചരിത്രം മൗലികവും യഥാര്‍ത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേല്‍ക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധര്‍മം മാത്രമാണ് അവിടെ ചരിത്രജ്ഞാനം.ഇതിന്റെ എതിര്‍ദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകള്‍ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാര്‍ത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയില്‍ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താല്‍ നിര്‍മിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായാണ് പുതിയ നോവലുകള്‍ കാണുന്നത്. ഈ പുതിയ ചരിത്രബോധവും ആഖ്യാനസങ്കല്പവും വെളിപ്പെടുത്തുന്ന രചനയാണ് വി. ഷിനിലാലിന്റെ ‘ഇരു’. ഡിസി ബുക്‌സ്. വില 446 രൂപ.
◾അന്‍പത് വയസ്സിന് താഴെയുള്ളവരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദം കൊണ്ട് 80 ശതമാനത്തോളം വര്‍ധനയുണ്ടായതായി പഠനം. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയും ചൈനയിലെ സെജിയാങ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്. 50 വയസ്സിന് താഴെയുള്ളവരില്‍ വരുന്ന അര്‍ബുദം 30 വര്‍ഷം കൊണ്ട് 1.82 ദശലക്ഷത്തില്‍ നിന്ന് 2019ല്‍ 3.26 ദശലക്ഷമായി വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 204 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 29 വിധത്തിലുള്ള അര്‍ബുദങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് സ്തനാര്‍ബുദത്തിലാണ്. പഠനകാലയളവില്‍ ഏറ്റവും അധികം കേസുകളും മരണങ്ങളും ഉണ്ടായിരിക്കുന്നത് സ്തനാര്‍ബുദത്തിന്റെ കാര്യത്തിലാണ്. ശ്വാസകോശ നാളിയെയും പ്രോസ്റ്റേറ്റിനെയും ബാധിക്കുന്ന അര്‍ബുദത്തിലും ത്വരിത വളര്‍ച്ച നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ കരള്‍ അര്‍ബുദത്തിന്റെ വ്യാപനം വര്‍ഷം തോറും 2.88 ശതമാനം വച്ച് കുറഞ്ഞതായും പഠനറിപ്പോര്‍ട്ട് പറയുന്നു. ജനിതകമായ ഘടകങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും റെഡ് മീറ്റും ഉപ്പും അധികമായതും പഴങ്ങളും പാലും കുറവുള്ളതുമായ ഭക്ഷണക്രമം 50ന് താഴെയുള്ളവരുടെ അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മദ്യപാനവും പുകവലിയുമാണ് അര്‍ബുദത്തിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങള്‍. അലസമായ ജീവിതശൈലി, അമിതവണ്ണം, പ്രമേഹം എന്നിവയും കൂടുതല്‍ പേരെ അര്‍ബുദത്തിന് ഇരയാക്കുന്നതായും പഠനം കൂട്ടിച്ചേര്‍ക്കുന്നു. ചെറുപ്പത്തില്‍തന്നെ വരുന്ന അര്‍ബുദം പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍ പ്രഭാവമുണ്ടാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 2030 ഓടു കൂടി 50 വയസ്സിന് താഴെയുള്ളവരുടെ അര്‍ബുദ കേസുകള്‍ 31 ശതമാനവും ഇത് മൂലമുള്ള മരണങ്ങള്‍ 21 ശതമാനവും വര്‍ധിക്കുമെന്നാണ് കണക്കുകള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.22, പൗണ്ട് – 103.02, യൂറോ – 88.72, സ്വിസ് ഫ്രാങ്ക് – 92.87, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.57, ബഹറിന്‍ ദിനാര്‍ – 220.75, കുവൈത്ത് ദിനാര്‍ -269.36, ഒമാനി റിയാല്‍ – 216.17, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 61.58.