◾പലിശ നിരക്ക് വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷം നാലാം തവണയാണു നിരക്ക് വര്‍ദ്ധിപ്പിച്ചത്. അടുത്ത ദിവസങ്ങളിലായി ബാങ്കുകള്‍ വായ്പയ്ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കും.
◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മത്സരിക്കും. ദ്വിഗ്വിജയ് സിംഗ് മല്‍സരിക്കില്ല. ദ്വിഗ് വിജയ് സിംഗ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുകുള്‍ വാസ്നിക്, ശശി തരൂര്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കുന്നുണ്ട്. ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് രാജ്ഘട്ടിലെ മഹാത്മാഗാന്ധി, രാജീവ്ഗാന്ധി സ്മൃതിമണ്ഡപങ്ങളില്‍ എത്തി പ്രണാമമര്‍പ്പിച്ചു.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വിദേശത്തുനിന്ന് 120 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസാണ് പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ആയിരത്തിലധികം എക്കൗണ്ടുകളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ട്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്യുന്നു. ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു.
◾സ്വപ്ന സുരേഷിനു ജോലി നല്‍കുകയും മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റില്‍ മൊഴി നല്‍കുകയും ചെയ്ത സന്നദ്ധ പ്രസ്ഥാനമായ എച്ച്ആര്‍ഡിഎസിനു സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതാണു വിലക്കിയത്. പ്രകൃതിക്കിണങ്ങാത്ത വീടു നിര്‍മിച്ചെന്ന് ആരോപിച്ചാണ് ഒറ്റപ്പാലം സബ് കളക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. എച്ച്ആര്‍ഡിഎസിന്റെ ഓഫീസുകളില്‍ വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന.
◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരേ സമരം നടത്തുന്നവര്‍ക്കു ജോലി ഉണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. ഐഎന്‍ടിയുസി യൂണിയനായ ടിഡിഎഫ് നാളെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച സമരം രാഷ്ട്രീയ പ്രേരിതമാണ്. യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും പണിമുടക്കിയാല്‍ അവരെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മന്ത്രി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 50 കോടി രൂപ തരണമെന്ന് മാനേജ്മെന്റ്. നാളെ മുതല്‍ പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മാനേജ്മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പരിപാടി നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി കെസിബിസി. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച അവധിയായിരിക്കുമെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം നടത്തണമെന്നും കെസിബിസി അറിയിച്ചു.
◾വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരപ്പന്തല്‍ അടക്കമുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
◾അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഓണ്‍ലൈന്‍ അവതാരക നല്‍കിയ പരാതി ഒത്തുതീര്‍ന്നു. ഇക്കാര്യം ഇരു വിഭാഗവും കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ഇരുവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
◾വീണ്ടും മങ്കി പോക്സ്. കാസര്‍കോട് ജില്ലയിലാണ് ഒരാള്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്ന് വന്ന കാസര്‍കോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് ബാധിച്ചത്.
◾സംസ്ഥാനത്തു വരുമാന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷാ പ്രവാഹം. ഇ ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അപേക്ഷാ പ്രവാഹംമൂലം വരുമാന സര്‍ട്ടിഫിക്കറ്റു നല്‍കുന്നതു തടസപ്പെട്ടു. ചികില്‍സ, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കു മുന്‍ഗണന നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.
◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു മെല്ലെപോക്കു നയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നടപടികള്‍ വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സി പി എമ്മിലേക്ക് ആകര്‍ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
◾സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദന്‍ നായരാണ് ഹര്‍ജി നല്‍കിയത്. 23 അപേക്ഷകള്‍ ലഭിച്ചതില്‍ ഹര്‍ജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇന്റര്‍വ്യൂവിന് വിളിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പരസ്യ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍. 1897-ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായരാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച മലയാളി. 125 വര്‍ഷത്തിന് ശേഷം കേരളത്തില്‍നിന്നു മത്സരിക്കുന്ന ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാനായത് അസുലഭ ഭാഗ്യമാണെന്ന് കെ.എസ്. ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തത വന്നശേഷം പറയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ നടക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
◾എകെജി സെന്ററിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ മുന്‍ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. സ്‌കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് വിദേശത്താണ്.
◾തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് സബിന്‍ (18) ആണു മരിച്ചത്. അബ്ദു സമദ്, ഭാര്യ ഷെറീന എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
◾മട്ടാഞ്ചേരിയില്‍ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷാണു പിടിയിലായത്. കൈയിലുണ്ടായിരുന്ന 20,000 രൂപയും പിടിച്ചെടുത്തു.
◾ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ചായയോ പലഹാരങ്ങളോ കൊടുക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാര്‍ സുരക്ഷാകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.
◾മാംസാഹാരം കഴിച്ചാല്‍ അക്രമവാസന വര്‍ധിക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയില്‍ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
◾പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് 42 അകമ്പടി വാഹനങ്ങള്‍. പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അകമ്പടി വാഹനങ്ങളുമായാണ് മുഖ്യമന്ത്രിയുടെ യാത്രയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എതിര്‍ത്ത വിഐപി സംസ്‌കാരം ഇതാണോയെന്നു കോണ്‍ഗ്രസ് ചോദിച്ചു.
◾ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്‌തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണം. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3855 രൂപയാണ്.
◾ലോകത്തെ വളര്‍ന്നുവരുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി ‘ടൈം100 നെക്സ്റ്റ്’ പട്ടികയില്‍ ആണ് ഇടം നേടിയത്. ഇന്ത്യന്‍ വംശജനായ എന്നാല്‍ അമേരിക്കന്‍ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിര്‍ണയിക്കാന്‍ സാധ്യതയുള്ള വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
◾നിവിന്‍ പോളി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം. ‘സാറ്റര്‍ഡേ നൈറ്റിലെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
◾പ്രഖ്യാപനത്തില്‍ തന്നെ ആരാധകരെ ആവേശത്തിലാക്കിയ ചിത്രമാണ് പ്രഭാസിന്റെ ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ‘ആദിപുരുഷ്’ ഒരുങ്ങുക. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക ‘ആദിപുരുഷി’ന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
◾ഉത്സവ സീസണ്‍ പ്രമാണിച്ച് ഓല ഇലക്ട്രിക് അതിന്റെ സ്‌കൂട്ടര്‍ ശ്രേണിയില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒല എസ്1 പ്രോ ഇപ്പോള്‍ 10,000 രൂപയുടെ വിലക്കുറവില്‍ ലഭ്യമാണ്. ഇതോടെ ഈ സ്‌കൂട്ടറിന്റെ വില 1,39,999 രൂപയില്‍ നിന്ന് 1,29,999 രൂപയായി കുറഞ്ഞു (എക്സ്-ഷോറൂം ദില്ലി). പ്രസ്തുത ഓഫര്‍ പ്രോ മോഡലിന് മാത്രമേ ബാധകമാകൂ. ഈ ഓഫര്‍ ഒക്ടോബര്‍ അഞ്ച് വരെ സാധുതയുള്ളതാണ്. അതിനുപുറമെ, ഓല വിവിധ സാമ്പത്തിക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ട1 പ്രോയുടെ അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, സീറോ ലോണ്‍ പ്രോസസ്സിംഗ് ഫീസ്, കുറഞ്ഞ പലിശ നിരക്കായ 8.99 ശതമാനം എന്നിവയില്‍ വാങ്ങുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കും.
◾മുസ്ലിം പെണ്ണുങ്ങള്‍ സ്വന്തം പാര്‍പ്പിടങ്ങളില്‍ അനുഭവിക്കുന്ന അടിമത്വത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത് ഇന്നോളമുള്ള മലയാളസാഹിത്യത്തില്‍ പലതരത്തിലായി വിഷയമായിട്ടുമുണ്ട്. നാലു കെട്ടുന്നതും അതില്‍ ആരെയും മൂന്നുവട്ടം മൊഴി ചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷേ പെണ്ണുങ്ങള്‍ ആണുങ്ങളെ മൊഴി ചൊല്ലുന്ന ‘ഫസ്ഖ്’ എന്ന അവകാശത്തെപ്പറ്റി നമ്മളിലധികമാരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്‌കരിക്കപ്പെട്ട സജ്‌നാ ഷാജഹാന്റെ ഈ നോവല്‍ ആ അജ്ഞതയുടെ നേര്‍ക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ്. ‘ഖുല്‍ അ’. കൈരളി ബുക്സ്. വില 332 രൂപ.
◾കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലന്ന പരാതിയാണ് കുട്ടികള്‍ക്ക്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മക്കുറവ് പരിഹാരിക്കാം. കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓര്‍മ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അല്‍ഷിമേഷ്യസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുന്ന ഒരു സന്ദര്‍ഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഓര്‍മ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും. ഓര്‍മശക്തിയെ നിലനിര്‍ത്തുന്നതില്‍ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളില്‍ ഓര്‍മ്മക്കുറവ് ഉള്ളതായി പഠനങ്ങള്‍ പറയുന്നു. 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുന്നത് മികച്ച ഓര്‍മശക്തി ഉണ്ടാവാന്‍ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള വ്യായാമം സഹായിക്കുന്നു. ഡിമെന്‍ഷ്യ പോലുള്ള മറവി രോഗത്തെ അകറ്റി നിര്‍ത്താന്‍ വ്യായാമം സഹായിക്കുന്നു. ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ പോലുള്ള തന്മാത്രാ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് വ്യായാമം മെമ്മറി മെച്ചപ്പെടുത്തുന്നു. ഈ തന്മാത്രാ ഘടകം സിനാപ്‌റ്റോജെനിസിസ് വര്‍ദ്ധിപ്പിക്കുകയും, പഠനത്തിനും മെമ്മറിക്കും മധ്യസ്ഥത വഹിക്കുന്ന പുതിയ സിനാപ്‌സുകള്‍ രൂപപ്പെടുത്തുകയും, വിവരങ്ങള്‍ ആഗിരണം ചെയ്യാനും ദീര്‍ഘകാല ഓര്‍മ്മകള്‍ രൂപപ്പെടുത്താനും എളുപ്പമാക്കുന്നു. പ്രായമാകുന്നതോടെ മസ്തിഷ്‌ക കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ തടയാന്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് സഹായിക്കുന്നു. അവ അണുബാധയ്ക്കുള്ള സാധ്യതയെയും കുറയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ബെറി വര്‍ഗത്തില്‍പ്പെട്ട പഴങ്ങളും ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ്. മെഡിറ്റേഷന്‍ ചെയ്യുന്നത് മനസിനെയും ശരീരത്തെയും ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓര്‍മ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ യോഗ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.58, പൗണ്ട് – 91.22, യൂറോ – 80.24, സ്വിസ് ഫ്രാങ്ക് – 83.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.07, ബഹറിന്‍ ദിനാര്‍ – 216.51, കുവൈത്ത് ദിനാര്‍ -263.34, ഒമാനി റിയാല്‍ – 211.88, സൗദി റിയാല്‍ – 21.72, യു.എ.ഇ ദിര്‍ഹം – 22.21, ഖത്തര്‍ റിയാല്‍ – 22.40, കനേഡിയന്‍ ഡോളര്‍ – 59.70.