ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് പുതിയ ഗവേഷണ പഠനം. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല ഉറക്കം, ഫെര്‍ട്ടിലിറ്റിക്ക് നിര്‍ണായകമായ പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എഫ്എസ്എച്ച്, ലെപ്റ്റിന്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്തും. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം ശരീരത്തിലെ മെലറ്റോണിന്റെ അളവിനെ ബാധിക്കും. മെലറ്റോണിന്റെ അഭാവം അണ്ഡത്തിന്റെ ഗുണനിലവാരം കുറയാന്‍ ഇടയാക്കും. രാത്രി ജോലി ചെയ്യുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നതിനും ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും കാരണമാകും. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഐവിഎഫ് പോലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കും. ഐവിഎഫ് പ്രക്രിയയില്‍ ദിവസം 7-8 മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. രാത്രി ഷിഫ്റ്റുകള്‍ ഒഴിവാക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും. ആവശ്യത്തിന് വിശ്രമിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച്, കുറവ് ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണ്. നിങ്ങള്‍ ഐവിഎഫിന് വിധേയരാണെങ്കില്‍ രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം പ്രധാനമാണെന്നാണ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ വ്യക്തമാക്കുന്നത്.