ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയുമാണ് കര്‍ക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴില്‍, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കര്‍ക്കടക ചികിത്സ നടത്തുന്നത്. മഴക്കാലത്തെ ശരീരത്തിന് രോഗപ്രതിരോധ ശേഷി പൊതുവെ കുറയുന്ന കാലാമായിട്ടാണ് ആയുര്‍വേദം വിലയിരുത്തുന്നത്. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിര്‍ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വര്‍ധനവിനും കൂടി ആയുര്‍വേദം പ്രാധാന്യം നല്‍കുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങള്‍, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുര്‍വേദം ആന്തരിക ബലത്തെ വര്‍ധിപ്പിക്കാന്‍ ഉതകുന്ന ചര്യകളായി പറയുന്നത്. കര്‍ക്കടകത്തിലെ മരുന്ന് കഞ്ഞിക്ക് വളരെ പ്രാധാന്യമുണ്ട്. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിവയാണ് മരുന്നു കഞ്ഞിയുടെ പ്രധാന ചേരുവകള്‍. ദഹനത്തിന് ഇത് മികച്ചതാണ്. കര്‍ക്കട മാസത്തില്‍ പകല്‍ ഉറക്കം ഒഴിവാക്കണമെന്ന് പറയാറുണ്ട്. മാത്രമല്ല, വ്യായാമം മഴക്കാലത്ത് ബുദ്ധിമുട്ടാണ്. പുറത്തിങ്ങിയുള്ള നടത്തവും ഓട്ടവും സാധിക്കില്ലെങ്കിലും വീടിനകത്തുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. പെട്ടെന്ന് ദഹിക്കുന്നതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഈ കാലയളവില്‍ മികച്ചത്. സൂപ്പുകള്‍ പൊതുവെ നല്ലതാണ് മാംസങ്ങള്‍ കൊണ്ടുള്ള സൂപ്പ് മാത്രമല്ല, ചെറുപയര്‍, പോലുള്ള ധാന്യങ്ങള്‍ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതാണ് ഈ കാലയളവില്‍ നല്ലത്. ചുക്ക്, കുരുമുളക് ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും ആരോഗ്യകരമാണ്.