കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ് അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വിദേശകാര്യ സെക്രട്ടറിയെ നിയമിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് കെ.സുരേന്ദ്രൻ
