ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഗുണമുണ്ടാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് സമാനമായ ഗുണം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്യുന്നതിലൂടെയും ലഭിക്കുമെന്നാണ് ഗവേഷകരുടെ വാദം. മിതമായ വ്യായാമം ആണെങ്കില്‍പ്പോലും ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് (രണ്ടര മണിക്കൂര്‍) വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തിരക്കിട്ട ദിവസങ്ങളില്‍ വ്യായാമത്തിനായി നീക്കിവയ്ക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ക്ക് ഈ രീതി ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. 89,573 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ആഴ്ചയിലുടനീളമുള്ള ഇവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. വ്യായാമത്തില്‍ നിന്ന് വിട്ടുനിന്നവര്‍ 33.7 ശതമാനവും ( ആഴ്ചയില്‍ 150 മിനിറ്റില്‍ കുറവ് വ്യായാമം ചെയ്തവര്‍), ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രം വ്യായാമം ചെയ്തവര്‍ 42.2 ശതമാനവും (150 മിനിറ്റ് വ്യായാമം ചെയ്തവര്‍), ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെട്ടവര്‍ 24 ശതമാനവുമായിരുന്നു. ആഴ്ചയില്‍ വ്യായാമം ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത 27 ശതമാനവും ദിവസവും ചെയ്യുന്നവരില്‍ 35 ശതമാനവും കുറവാണെന്ന് കണ്ടെത്തി.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്താലും മതി!
