ദുബായിലെ ഏറ്റവും വിലയേറിയ വീട്. 160 മാര്‍ബിള്‍ സ്തംഭങ്ങളുമുള്ള സ്വര്‍ണ്ണം പൂശിയ മാളിക. കുളിക്കാന്‍ 24 കാരറ്റ് സ്വര്‍ണ ഹോട്ട് ടബ്ബ്. അലങ്കാര മല്‍സ്യങ്ങള്‍ക്കു നീന്തിത്തുടിക്കാന്‍ പവിഴപ്പുറ്റുകളുള്ള അക്വേറിയം. സ്വര്‍ണത്തിളക്കമുള്ള സ്വപ്നക്കൊട്ടാരം തന്നെ. ദുബായിലെ എമിറേറ്റ്സ് ഹില്‍സിന് സമീപം ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് ഈ വീട്. മാര്‍ബിള്‍ പാലസ് എന്നാണു കൊട്ടാരത്തിനു പേര്. 70,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 12 വര്‍ഷം അധ്വാനിച്ചാണ് ഇങ്ങനെയൊരു കൊട്ടാരസമാനമായ വീട് കെട്ടിപ്പടുത്തതെന്ന് സോത്ത്ബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റി സിഇഒ ജോര്‍ജ്ജ് അസര്‍ പറഞ്ഞു. 70 കരകൗശല വിദഗ്ധര്‍ ഏഴു ലക്ഷം ഗോള്‍ഡ് ലീഫുകള്‍ ഉപയോഗിച്ചാണ് വീട് മനോഹരമാക്കിയിരിക്കുന്നത്. ഏകദേശം ഒമ്പത് മാസത്തിലധികം സമയമെടുത്താണു പെയിന്റിംഗ് പണി പൂര്‍ത്തിയാക്കിയത്. 17 വിദഗ്ധരായ ഫ്രഞ്ച് കലാകാരന്മാര് കൈകൊണ്ട് കൊത്തിയെടുത്ത രണ്ട് താഴികക്കുടങ്ങള്‍ വീടിനു മുകളിലുണ്ട്. 16 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗാരേജുമുണ്ട്. 2153 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഇന്‍ഡോര്‍ ടെക്നോ-ജിം സ്പേസ് എന്നിവയുള്‍പ്പെടെ നിരവധി ആധുനിക സൗകര്യങ്ങളുമുണ്ട്. ഈ കൊട്ടാരം വില്പനയ്ക്കു വച്ചിരിക്കുകയാണ്. വില എത്രയെന്നോ? 7500 ലക്ഷം ദിര്‍ഹം. 1,700 കോടി രൂപ. അത്രയേയുള്ളൂ.
വില്‍ക്കാനുണ്ട്, സ്വര്‍ണക്കൊട്ടാരം
