തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452 ശതമാനം വളര്‍ച്ചയോടെ സര്‍വകാല റെക്കോഡായ 302.33 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 54.73 കോടി രൂപയായിരുന്നു. അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം മൂന്നാംപാദത്തിലെ 37.41 കോടി രൂപയില്‍ നിന്ന് 101.38 കോടി രൂപയായി കുതിച്ചുയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വര്‍ദ്ധിച്ച് 30,996.89 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 25,155.76 കോടി രൂപയായിരുന്നു. ഇതില്‍ ആകെ വായ്പകള്‍ 14,118.13 കോടി രൂപയാണ്. വളര്‍ച്ച 16.38 ശതമാനം. മുന്‍വര്‍ഷം 12,130.64 കോടി രൂപയായിരുന്നു. നിക്ഷേപം 12,815.07 കോടി രൂപയില്‍ നിന്ന് 14.44 ശതമാനം ഉയര്‍ന്ന് 14,665.63 കോടി രൂപയുമായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 491.85 കോടി രൂപയില്‍ നിന്ന് 81.70 ശതമാനം ഉയര്‍ന്ന് 893.71 കോടി രൂപയായി. അറ്റ പലിശ വരുമാനം 1,147.14 കോടി രൂപയില്‍ നിന്ന് 60.08 ശതമാനം മെച്ചപ്പെട്ട് 1,836.34 കോടി രൂപയിലെത്തി. കാസ അനുപാതം 7.18 ശതമാനമായി മെച്ചപ്പെട്ടു. നിഷ്‌ക്രിയ ആസ്തി വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചത് ഇസാഫ് ബാങ്കിന് വലിയ നേട്ടമായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 7.83 ശതമാനത്തില്‍ നിന്ന് 2.49 ശതമാനമെന്ന സുരക്ഷിതനിലയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനത്തില്‍ നിന്ന് 1.13 ശതമാനമായും മെച്ചപ്പെട്ടു. 19.83 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.