തലയില്‍ എണ്ണ തേച്ച് കുളിക്കുന്നത് മുടി ആരോഗ്യത്തോടെ വളരാന്‍ ഏറെ പ്രധാനമാണ്. ഇത് മുടിക്ക് അവശ്യ പോഷണം നല്‍കുന്നതിനൊപ്പം ഈര്‍പ്പം നിലനിര്‍ത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. വെളിച്ചെണ്ണയില്‍ പല തരത്തിലുള്ള ഔഷധങ്ങളിട്ടു കാച്ചിയും അല്ലാതെയും തലയില്‍ പുരട്ടുന്നവരുണ്ട്. കൂടാതെ ബദാം ഓയില്‍, അര്‍ഗന്‍ ഓയില്‍ തുടങ്ങിയ പല ചേരുവകള്‍ നമ്മള് തലയില്‍ മാറിമാറി പരീക്ഷിക്കാറുണ്ട്. എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. സാധാരണ 30 മിനിറ്റ് വരെ തലയില്‍ എണ്ണ പുരട്ടിയ ശേഷം കഴുകികളയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് രാത്രി മുഴുവന്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്ന ശീലമുണ്ട്. രാത്രിയില്‍ തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് സുരക്ഷിതമാണോ? എല്ലാവര്ക്കും സുരക്ഷിതമല്ലെന്നാണ് ഉത്തരം. മുടിയുടെ തരം, സ്കാല്‍പ്പിന്റെ ആരോഗ്യം, ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാത്രി മുഴുവന്‍ എണ്ണ പുരട്ടുന്നത് തലയോട്ടിക്ക് വിശ്രമം നല്കാന് സഹായിക്കും. ഇത് സ്കാല്‍പ്പിലും ഹെയര്‍ ഫോളിക്കുകളിലും ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. രാത്രിയില്‍ പതിവായി എണ്ണ തേയ്ക്കുന്നത് പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടി ഉള്ളില്‍ നിന്ന് കരുത്തുള്ളതാവുകയും ചെയ്യുന്നു. വരണ്ട തലയോട്ടിയുള്ളവര്‍ക്ക് ദീര്‍ഘനേരം എണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. കാരണം ഇത് തൊലി പൊട്ടുന്നതും ചൊറിച്ചിലും ഒഴിവാക്കാന്‍ സഹായിക്കുന്നു. എണ്ണ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ഇത് മുടി മിനുസമുള്ളതും ഭംഗിയുള്ളതുമാക്കുന്നു. രാത്രി എണ്ണ പുരട്ടി കിടക്കുമ്പോള്‍ പൊടിയുടെ ചെളിയും ഏല്‍ക്കാതിരിക്കാന്‍ മുടി ഒരു തുണികൊണ്ടോ കവര്‍ കൊണ്ടോ മൂടുന്നത് നല്ലതാണ്.