വാഹനം പുറത്തിറക്കുന്നതിന് മുന്‍പുള്ള ‘ഔട്ട്പുട്ട്’ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹിലക്സ് മോഡലുകളുടെ വിതരണം താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതോടെ ഇത്തരം മോഡലുകള്‍ക്കായി ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീണ്ടേക്കാം. ഹോഴ്സ്പവര്‍ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഈ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുകളുടെ സമയത്ത് പവര്‍, ടോര്‍ക്ക് കര്‍വുകള്‍ എന്നിവയുടെ ‘സ്മൂത്തിങ്’ പ്രവര്‍ത്തനത്തെ ചുറ്റിപ്പറ്റിയാണ് തകരാറുകള്‍. ഈ തകരാറുകള്‍ വാഹനത്തിന്റെ ഹോഴ്സ് പവറിനെയോ ടോര്‍ക്കിനെയോ കാര്യമായി ബാധിച്ചതായി പറയാന്‍ ആവില്ല. കൂടാതെ, ബാധിച്ച വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ബാധിച്ച വാഹനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഉപയോഗിച്ച ഡാറ്റ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വരുന്നതായും ടൊയോട്ട അറിയിച്ചു. എന്നിരുന്നാലും, പുതിയ ഓര്‍ഡര്‍ എടുക്കല്‍ തുടരും.