പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസിന് എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണം. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യണ്‍ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അന്വേഷണം നേരിടുന്നത്. ഹ്രസ്വദൂര മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നത്. കസ്റ്റംസ് നികുതികളില്‍ നിന്നും തീരുവകളില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍ ഇവ തെറ്റായി ചേര്‍ത്തുവെന്നാണ് ആരോപണം. ഈ ഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ 10 ശതമാനം ഇറക്കുമതി തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും നല്കേണ്ടതുണ്ടായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ അദാനി ഡിഫന്‍സിന്റെ വരുമാനത്തിന്റെ 10 ശതമാനത്തിലധികമാണ് ആരോപിക്കപ്പെടുന്ന 9 മില്യണ്‍ ഡോളര്‍ നികുതി വെട്ടിപ്പ്.
