Untitled design 20250112 193040 0000

 

 

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെയാണ്. ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചത്. കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

 

നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

 

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ. ആരോഗ്യ ദൃഢഗാത്രരായ ആളുകൾക്കു മാത്രമുള്ളതാണോ നിയമസഭയെന്നും ഇഎംഎസും വിഎസും ഇരുന്ന കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത് ? പുതുതായി നിയമസഭയിലേക്ക് എടുക്കുന്നവരുടെ അളവു കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നുമാണ് നജീബ് കാന്തപുരത്തിന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് നജീബ് കാന്തപുരം പിണറായിയെ വിമര്‍ശിച്ചത്.

 

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം കെ വർഗീസ് നൽകി.

 

കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

 

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്‍റെ പ്രതികരണം. തന്‍റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം.

 

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) നാളെ പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. ബാക്കി ജോലികളിൽ നിന്ന് വിട്ട് നിൽക്കും. മറ്റ് ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു.

 

കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ടി ടി വിനോദനെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്‍റെ പരാതിയിലാണ് നടപടി.

 

പത്തനംതിട്ടയിൽ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 42കാരൻ പിടിയിൽ. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം. വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) അറസ്റ്റിലായി. അമീർഖാന്‍റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം.

 

കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവർന്നത്. മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് തോക്ക് ചൂണ്ടി പണം കവർന്നത്. മൂന്ന് പേര്‍ അടങ്ങുന്ന മുഖംമൂടി സംഘമാണ് എത്തിയത് കവര്‍ച്ചയ്‍ക്കെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വയനാട് എംപി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്നും വൻവ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്നു, അർഹമായ സഹായം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ പരാജയമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 9) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മട്ടാഞ്ചേരി ടെർമിനലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഈ രണ്ട് ടെർമിനലുകൾ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും

 

എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്നത് 160 താണ്. മുംബൈ നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ നവിമുംബൈ ഡിബി പാട്ടില്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദുരുപയോഗം വർധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

 

ഇന്ത്യൻ ടെക് ലോകത്ത് മാറ്റത്തിന്‍റെ കാഹളം മുഴക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുപ്രധാന തീരുമാനം. തന്‍റെ ഔദ്യോഗിക ഇ – മെയിൽ പ്ലാറ്റ്‌ഫോം ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോമായ സോഹോ മെയിലിലേക്ക് മാറ്റി. സോഹോയുടെ മെസേജിംഗ് ആപ്പായ ‘അരാട്ടെ’ തരംഗമാകുന്നതിനിടെയാണ് സോഹോ മെയി​ലിലേക്കുള്ള അമിത് ഷായുടെ മാറ്റമെന്നത് ശ്രദ്ധേയമാണ്. ‘താങ്ക്യു ഫോർ യുവർ കൈൻഡ് അറ്റൻഷൻ’ എന്ന് കുറിച്ചുകൊണ്ടാണ് സോഹോയിലേക്കുള്ള മാറ്റത്തിന്‍റെ വിവരം ഷാ പങ്കുവച്ചത്.

 

മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകൾക്ക് അംഗീകാരം നൽകിയവർക്കെതിരെ നടപടി വേണമെന്നും ഓൾ ഇന്ത്യ ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (FAIMA) ആവശ്യപ്പെട്ടു. ദാരുണമായ സംഭവത്തിൽ കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് എഫ്എഐഎംഎ ചീഫ് രക്ഷാധികാരിയായ ഡോ. രോഹൻ കൃഷ്ണൻ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

മോശം കാലാവസ്ഥയും മറ്റ് പ്രാദേശിക വിഷയങ്ങളും പരിഗണിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നാളെ (ഒക്ടോബർ 9) സ്കൂളുകൾക്കും കോളേജുകൾക്കും അവധി.പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഒക്ടോബർ 8 മുതൽ ഒക്ടോബർ 10, 2025 വരെ എല്ലാ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. കണക്റ്റിവിറ്റിയും ഗതാഗതവും തടസപ്പെട്ടതാണ് അവധിക്ക് പ്രധാന കാരണമെന്ന് ഗോർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ച ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിൽ കാര്യങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാകുകയാണ്.ഇരുവശത്ത് നിന്നും സമ്മർദ്ദം ശക്തമായതോടെ നെതന്യാഹു സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.

 

2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് നൊബേല്‍ ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്.

 

ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ. ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റാണ് കാലിഫോർണിയ. സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവദിക്കും. ഗവർണർ ഗവിൻ ന്യൂസോം ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചു. പൊതുവിദ്യാലയങ്ങൾക്കും കമ്മ്യൂണിറ്റി കോളേജുകൾക്കും ദീപാവലിക്ക് അവധി നൽകാൻ കഴിയും. സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവദിക്കും.

 

2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ബലഹീനത കാണിച്ചുവെന്നും, മറ്റൊരു രാജ്യത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് അന്ന് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തതെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.

 

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്തൊഴികെ ഒരിക്കലും ഇന്ത്യയില്‍ ഐക്യം ഉണ്ടായിരുന്നില്ലെന്ന വിചിത്രവാദവുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സമാ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *