സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയും പവന് 800 രൂപയും കത്തിക്കയറി. പവന്‍വില ചരിത്രത്തിലാദ്യമായി 53,000 രൂപയും ഗ്രാം 6,700 രൂപയും ഭേദിച്ചു. 6,720 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വില; പവന് 53,760 രൂപയും. ഈ മാസം ഇതുവരെ മാത്രം പവന് 3,080 രൂപയും ഗ്രാമിന് 385 രൂപയുമാണ് കേരളത്തില്‍ കൂടിയത്. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് 58,200 രൂപയെങ്കിലും കൊടുത്താലേ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് പുത്തന്‍ ഉയരമായ 5,620 രൂപയിലെത്തി. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. വില ശമനമില്ലാതെ കുതിക്കുന്നതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പലരും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് പവന്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നവര്‍ ഇപ്പോള്‍ രണ്ടോ മൂന്നോ പവനിലേക്ക് വാങ്ങല്‍ കുറയ്ക്കുന്ന ട്രെന്‍ഡാണ് നിലവിലുള്ളതെന്നും വ്യാപാരികള്‍ പറയുന്നു. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും കുതിക്കുകയാണ്. കേരളത്തില്‍ ഗ്രാമിന് ഇന്ന് ഒരു രൂപ ഉയര്‍ന്ന് 90 രൂപയായി. റെക്കോഡ് വിലയാണിത്.