കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ആസ്തി മേയ് മാസത്തില്‍ 94,829.36 കോടി രൂപ കവിഞ്ഞെന്ന് അസോസിയേഷന് ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും കേരളം മുന്നിലാണ്. 23.2 ലക്ഷം എസ്.ഐ.പി ഫോളിയോകളാണ് കേരളത്തിലുള്ളത്. മൊത്തം മ്യൂച്വല്‍ ഫണ്ട് വിപണിയുടെ 45 ശതമാനം എസ്.ഐ.പികള്‍ക്കാണ്. എസ്.ഐ.പി വിഭാഗത്തിലെ മൊത്തം ആസ്തികള്‍ 28,788.69 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. പ്രതിമാസ എസ്.ഐ.പി നിക്ഷേപം മാര്‍ച്ചില്‍ 635 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകരാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിത് 13.13 ലക്ഷമായി വര്‍ദ്ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. 25.7 ശതമാനമാണ് ദേശീയ ശരാശരി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ 16,229.30 കോടി രൂപയുമായി കൊച്ചിയാണ് കേരളത്തില്‍ മുന്‍നിരയില്‍. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം തൃശൂരാണ്. നിക്ഷേപം 1,550 കോടി രൂപ.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍ വര്‍ധന
