കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ വൻ സംഘർഷം. ഹരിയാന അതിർത്തിയിലാണ് കർഷകരുടെ മാർച്ചിനിടെ വൻ സംഘർഷം ഉണ്ടായത്. സമരം നടത്തുന്ന കർഷകർക്ക് എതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടു.
കർഷകരുടെ സമരം നടക്കുന്നതിനാൽ ചെങ്കോട്ട താൽക്കാലികമായി അടച്ചു. പോലീസുമായി സംഘർഷം നടക്കുമ്പോഴും സമരക്കാർ വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കിക്കഴിഞ്ഞു.ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കർഷകർ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. എന്നാൽ കർഷക സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.കർഷക സമരത്തിന് ഡൽഹി സർക്കാർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.