വരാനിരിക്കുന്ന ആഗോള മാന്ദ്യത്തിനും പെരുകുന്ന പണപ്പെരുപ്പത്തിനുമിടയില്‍ 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 6.5 ശതമാനം മുതല്‍ 7.1 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ‘ഡെലോയിറ്റ് ഇന്ത്യ’ റിപ്പോര്‍ട്ട്. 2022 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് 1.9 ശതമാനം ഉയര്‍ത്തിയിട്ടും ഒമ്പതു മാസത്തിലേറെയായി പണപ്പെരുപ്പം പരിധിക്കു പുറത്താണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും പണപ്പെരുപ്പം കൂട്ടുന്നു. ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കമോ ആസന്നമായ ആഗോള മാന്ദ്യം വികസിത രാജ്യങ്ങളുടെപോലും സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കാം.ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. നിലവിലെ സാമ്പത്തികാന്തരീക്ഷം അസ്ഥിരമാണ്. ആഗോള സമ്പദ്വ്യവസ്ഥ തിരികെയെത്തുകയും സാമ്പത്തികാടിത്തറ മെച്ചപ്പെടുകയും ചെയ്താല്‍ 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ 6.5-7.1 ശതമാനവും അടുത്ത വര്‍ഷം 5.5-6.1 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ഡെലോയിറ്റ് പ്രതീക്ഷ. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 8.7 ശതമാനം വളര്‍ച്ച നേടി. വരാനിരിക്കുന്ന ഉത്സവ സീസണ് ഉപഭോക്തൃ മേഖലക്ക് ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.
ഉത്സവ സീസണില്‍ പ്രതീക്ഷ; ഇന്ത്യ 7.1 ശതമാനം വരെ വളര്‍ച്ച നേടും
