അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിർ ഒരു പരമ്പരാഗത ഹിന്ദു ആരാധനാലയമാണ്.ഈ മന്ദിറിൻ്റെ ഉയരം 108 അടിയാണ്, 79.86 മീറ്റർ (262 അടി) നീളവും, 54.86 മീറ്റർ (180 അടി) വീതിയുമുണ്ട്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ഈ മന്ദിർ സ്ഥിതി ചെയ്യുന്നത്. ഈ മന്ദിർ പൂർത്തിയാകുമ്പോൾ, മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാ മന്ദിരമായിരിക്കും.
1997-ൽ പ്രമുഖ് സ്വാമി മഹാരാജിൻ്റെ യുഎഇ യാത്രയ്ക്കിടെ അബുദാബിയിൽ “രാജ്യങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയെ കൂടുതൽ അടുപ്പിക്കുന്ന” ഒരു മന്ദിർ വിഭാവനം ചെയ്തതോടെയാണ് BAPS ഹിന്ദു മന്ദിറിൻ്റെ ചരിത്രം ആരംഭിച്ചത്.2015 ഓഗസ്റ്റിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തെ ആദ്യ ഔദ്യോഗിക സന്ദർശന വേളയിൽ, അബുദാബിയിൽ ഒരു ഹിന്ദു മന്ദിർ നിർമ്മിക്കുന്നതിന് സ്ഥലം നൽകാനുള്ള തീരുമാനം യുഎഇ സർക്കാർ പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മന്ദിരത്തിനായി സ്ഥലം സമ്മാനിച്ചത്.
2018 ഫെബ്രുവരി 10-ന്, BAPS പ്രതിനിധികൾ ഷെയ്ഖ് മുഹമ്മദിനെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും കണ്ടു. തുടർന്ന്മുഴുവൻ രാജകുടുംബത്തിൻ്റെയും 250-ലധികം പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിൽ ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പുവച്ചു. മന്ദിർ “മനുഷ്യത്വവും ഐക്യവും ഒന്നിക്കുന്ന ഒരു പുണ്യസ്ഥലമായിരിക്കും” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.2018 ഫെബ്രുവരി 11-ന് മന്ദിരത്തിനായുള്ള ആദ്യ ശിലാപ്രതിഷ്ഠാ പ്രാർത്ഥന നടന്നു.
2019 ഏപ്രിൽ 20 ന്, BAPS-ൻ്റെ ആത്മീയ നേതാവായ മഹന്ത് സ്വാമി മഹാരാജിൻ്റെ സാന്നിധ്യത്തിൽ, ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള അതിഥികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ശിലാസ്ഥാപന ചടങ്ങ് നടത്തി.2019 സെപ്റ്റംബറിൽ, അബുദാബി സർക്കാർ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും, സാംസ്കാരിക വൈവിധ്യവും സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി, മന്ദിറിനും മറ്റ് 17 ആരാധനാലയങ്ങൾക്കും ഔദ്യോഗികമായി നിയമപരമായ പദവി നൽകുകയും ചെയ്തു.2019 ഡിസംബറിൽ 27 ഏക്കർ സ്ഥലത്ത് മന്ദിരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപമുള്ള അബു മുറൈഖയിലാണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്.
നിർമ്മാണത്തിനായി ടൺ കണക്കിന് പിങ്ക് മണൽക്കല്ലുകൾ വടക്കൻ രാജസ്ഥാനിൽ നിന്ന് അബുദാബിയിലേക്ക് അയച്ചു.50 °C (122 °F) വരെ ചുട്ടുപൊള്ളുന്ന വേനൽക്കാല താപനിലയെ ചെറുക്കാനുള്ള കഴിവ് കണക്കിലെടുത്താണ് വടക്കേ ഇന്ത്യൻ സംസ്ഥാനത്ത് നിന്നുള്ള, ഈടുനിൽക്കുന്ന കല്ലുകൾ തിരഞ്ഞെടുത്തത്. സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് വസ്തുക്കൾ ഉപയോഗിക്കാതെ പരമ്പരാഗത ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയിലൂടെയാണ് ക്ഷേത്ര അടിത്തറ നിർമ്മിക്കുന്നത്. ഉരുക്കിനുപകരം, കോൺക്രീറ്റിൽ ഒരു ബലപ്പെടുത്തലായി ഫ്ലൈ ആഷ് ഉപയോഗിച്ചു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലെ BAPS ഹിന്ദു മന്ദിർ. രണ്ട് താഴികക്കുടങ്ങൾ, ഏഴ് ശിക്കാറുകൾ ശിഖരങ്ങൾ – (യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകം), 12 സാമ്രാനുകൾ, 402 തൂണുകൾ എന്നിവയും ഉണ്ട് . മണൽക്കല്ല് കെട്ടിടത്തിൻ്റെ പശ്ചാത്തലത്തിൽ മാർബിൾ കൊത്തുപണികൾ ഇവിടെ കാണാനാകും . ഇന്ത്യയിലെ പ്രഗത്ഭരായ കരകൗശല വിദഗ്ധർ കൊത്തിയെടുത്ത 25,000-ലധികം കല്ലുകൾ കൊണ്ടാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.ഓരോ ശിക്കാറുകളിലും രാമായണം, ശിവപുരാണം, ഭാഗവതം, മഹാഭാരതം, ജഗന്നാഥൻ, സ്വാമിനാരായണൻ, വെങ്കിടേശ്വരൻ, അയ്യപ്പൻ എന്നിവരുടെ കഥകൾ ചിത്രീകരിക്കുന്ന കൊത്തുപണികളുമുണ്ട്. ഭൂമി, ജലം, തീ, വായു, ബഹിരാകാശം എന്നിങ്ങനെ അഞ്ച് പ്രകൃതിദത്ത ഘടകങ്ങളെയാണ് ‘ഡോം ഓഫ് ഹാർമണി’ പ്രദർശിപ്പിക്കുന്നത്. അറേബ്യൻ, ഈജിപ്ഷ്യൻ, മെസൊപ്പൊട്ടേമിയൻ, മറ്റ് നാഗരികതകളിൽ നിന്നുള്ള ഉപമകളുടെ 14 ചിത്രീകരണങ്ങളും ഒട്ടകം, ഓറിക്‌സ്, ഫാൽക്കൺ തുടങ്ങിയ യു.എ.ഇ സ്വദേശികളായ മൃഗങ്ങളുടെ കൊത്തുപണികളും ഈ മന്ദിറിൽ കാണാം.
ഒരു സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, പ്രദർശനങ്ങൾ, പഠന മേഖലകൾ, കുട്ടികൾക്കുള്ള സ്പോർട്സ് ഏരിയ, തീമാറ്റിക് ഗാർഡനുകൾ, വാട്ടർ ഫീച്ചറുകൾ, ഒരു ഫുഡ് കോർട്ട്, പുസ്തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ് എന്നിവയും ഉൾപ്പെടുന്നു. മന്ദിറിന് അടിത്തറയിൽ 100 സെൻസറുകളും മന്ദിറിലുടനീളം 350-ലധികം സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്.ഫുഡ് കോർട്ടിനായി ബെഞ്ചുകൾ, മേശകൾ, കസേരകൾ എന്നിവ നിർമ്മിക്കുന്നതിന് പുനരുപയോഗം ചെയ്ത തടികൊണ്ടുള്ള പലകകൾ പോലെയുള്ള ഉപയോഗിച്ചാണ്. പരിസ്ഥിതി സൗഹൃദ സവിശേഷതകളും മന്ദിർ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ ഉത്ഭവത്തെ പ്രതീകപ്പെടുത്തുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ ചെറിയ രൂപവും അവിടെ കാണാം.
സ്വാമിനാരായണൻ, അക്ഷരം-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണേശൻ, കാർത്തികേയൻ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരുടെ വിഗ്രഹങ്ങളാണ് ഈ മന്ദിരത്തിലുള്ളത്.
തയ്യാറാക്കിയത്
നീതു ഷൈല