സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ള അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത് . ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. പിന്നെ വിവാദമായ 2 ബില്ലുകളും . ഗവർണർ ഇന്ന് ദില്ലിയിലേക്ക് പോകും. മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.
ഗാന്ധി കുടുംബത്തിന്റെ താൽപര്യത്തിന് മുൻതൂക്കമുണ്ടെങ്കിലും ശശി തരൂരായാലും അശോക് ഗെലോട്ടായാലും രണ്ടുപേരും കോൺഗ്രസ്സിനെ നയിക്കാൻ കഴിവുള്ളവരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് മെച്ചമെന്നും പി ജെ കുര്യൻ പറഞ്ഞു . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ശശി തരൂരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കം നിയമമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ പരിഹരിച്ചു എങ്കിലും കേസിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. മദ്യപിച്ചോ എന്ന് കണ്ടെത്താൻ ആശുപത്രിയിലെത്തിച്ചപ്പോൾ, അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.
കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. സിഐ മർദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയവർ സ്ഥലത്തില്ലാത്തവരെന്നും പറയപ്പെടുന്നു.
ബോര്‍ഡ് തൂക്കിയത് മകളെ ഏറെ വിഷമിപ്പിച്ചു എന്നും ആ ബോർഡാണ് മകളെ നഷ്ടപ്പെടുത്തിയത് എന്നും കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍.’ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ പറഞ്ഞതാണ് . എന്നാല്‍ ബാങ്കിനോട് ഇളവ് ചോദിക്കാമെന്നാണ് താന്‍ പറഞ്ഞത് .അതിനായി ബാങ്കിൽ പോയി തിരിച്ചുവന്നപ്പോള്‍ മോൾ എനിക്ക് നഷ്ടപ്പെട്ടു. താൻ വീടുണ്ടാക്കിയത് എന്റെ മോൾക്ക് ചാവാന്‍ വേണ്ടിയാണോ എന്നും അഭിരാമിയുടെ അച്ഛൻ അജികുമാർ ചോദിച്ചു. എന്തുനടപടി വേണമെങ്കിലും സര്‍ക്കാരിനി എടുക്കട്ടേയെന്നും അജികുമാര്‍ പറഞ്ഞു. ബാങ്കിനോട് അല്‍പ്പം കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും അഭിരാമിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. .
തിരുവനന്തപുരം കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്‍റേയും മൊഴിയെടുക്കുമെന്ന് പൊലീസ്. എഫ്ഐആറിൽ പ്രതികളുടെ പേര് ചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് രേഷ്മയും പിതാവും പറഞ്ഞു. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. നിലവിൽ ആക്രമണത്തിന് കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കേസ് . ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായ സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രേഷ്മയെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല.
പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിൽ . ഇത് മൂലം ഡാമിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടി. അതോടെ പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി . പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെയും അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയും കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയുമാണ് മാറ്റിയത് .പുഴയിൽ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാർപ്പിച്ചത്.