രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവിലയാണിത്. ഈ മാസം 17നും സമാന വില രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളറും കടന്ന് കുതിച്ചതോടെയാണ് മാറ്റം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,800 രൂപയും 9 കാരറ്റിന് 5,030 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 180 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ വാങ്ങാന്‍ ഇതുപോര. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,350 രൂപയെങ്കിലുമാകും. ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് വിലയിലും കാര്യമായ മാറ്റമുണ്ടാകും.
