സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ തുടരുന്നു. ഇന്നലെ ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. പവന് 280 രൂപ വര്‍ധിച്ച് 1,01,880 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 10,470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,155 രൂപയിലെത്തി. വെളളി വില ഗ്രാമിന് 228 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ചരിത്രപരമായ കുതിപ്പ് തുടരുകയാണ്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,520 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 71 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന് സ്വര്‍ണാഭരണത്തിന് 1,10,338 രൂപയാകും.
