നാലു പേര് പുട്ടടിച്ചു, ബില്ല് 90 ലക്ഷം
നാലു പേര് ചേര്‍ന്ന് ദുബായിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിനു 90 ലക്ഷം രൂപയുടെ ബില്ല്. ബില്ലുകണ്ട് സാമൂഹ്യമാധ്യമങ്ങളിലെ അഭ്യാസികളെല്ലാം അമ്പരന്നു. കൈമുട്ടിലൂടെ ഉപ്പു വിതറുന്ന സെലിബ്രിറ്റി സ്റ്റീക്ക് ഷെഫ് സാള്‍ട്ട് ബേ ആണ് ഇങ്ങനെയൊരു ബില്‍ എക്സ് പ്ളാറ്റഫോമില് പങ്കുവച്ചത്. തന്റെതന്നെ ഉടമസ്ഥതയിലുള്ള ‘നസര്‍ ഈറ്റ് സ്റ്റീക്ക് ഹൗസ്’ റസ്റ്റോറന്റിലെ ബില്ലാണിത്. ‘പണം വരും പോകും’ എന്ന കുറിപ്പോടെയാണ് നാല്പതുകാരനായ ടര്‍ക്കിഷ് ഷെഫ് സാള്‍ട്ട് ബേയുടെ പോസ്റ്റ്. നുസ്രെത് ഗോക്സെ എന്നാണ് സാള്‍ട്ട് ബേയുടെ യഥാര്‍ത്ഥ പേര്. 20 ലക്ഷത്തോളം രൂപ ടിപ്പായി നല്‍കിയെന്നും ബില്ലില്‍ പറയുന്നു. ആഡംബരപൂര്‍ണമായ ഭക്ഷണങ്ങളുടെ നീണ്ടനിരയാണ് ബില്ലില്‍ കാണുന്നത്. പലതും വായിക്കാനോ വായിച്ചാല്‍ മനസിലാക്കാനോ കഴിയില്ല. അമിതവില ഈടാക്കുന്നതിന്റെ പേരില്‍ സാള്‍ട്ട് ബേക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്.