ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നുവെന്നുമുള്ള സിപിഎം നേതാവ് എകെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്.ഓലപ്പാമ്പിനെക്കാട്ടി ആരെയും ഭയപ്പെടുത്താൻ നോക്കേണ്ട, സർക്കാർ ചെലവിൽ ഏതെല്ലാം മന്ത്രിമാർ എത്ര തവണ വിദേശയാത്ര നടത്തിയതെന്നും അവർ ഏതെല്ലാം തീയതികളിൽ ഏതെല്ലാം രാജ്യങ്ങളിലാണ് പോയതെന്നും ഏതെല്ലാം യാത്രകളിൽ ഭാര്യമാർ കൂടെയുണ്ടായിരുന്നു എന്നുമുള്ള കാര്യം ബാലന്‍ വ്യക്തമാക്കണം എന്ന് കെസി ജോസഫ് പറഞ്ഞു. പിണറായി വിജയന്റെയും സംഘത്തിന്റെയും വിദേശ യാത്രയെക്കുറിച്ചു പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യമായതു കൊണ്ടാവാം ബാലൻ പ്രത്യാരോപണങ്ങളുമായി എത്തിയതെന്ന് കെസി ജോസഫ് പരിഹസിച്ചു.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ബസ്സുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. വഞ്ചിയൂർ കോടതിയിലെത്തി അധ്യാപിക കൂടിയായ യുവതി നൽകിയ മൊഴിയിൽ പറയുന്നത് കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നുമാണ്.തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചു . എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.
വടക്കഞ്ചേരി ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവ് ആവശ്യപ്പെട്ട് മന്ത്രിയെക്കണ്ട ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം.
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ. പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കിയത് എംജി റോഡിലാണ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്ഥലം അനുവദിച്ചത്. ഇത് വിവാദമായിരുന്നു.
കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
https://youtu.be/CfgwgxcTY-s