നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. നിലവിലുള്ള കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും ഉത്തരവിട്ടു.
സംസ്ഥാനത്തെ 208 അങ്കണവാടികളെ സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടെണ്ണം സ്മാര്‍ട്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്തെ ആകാശപാത പൊളിച്ചുനീക്കണമെന്ന ഹര്‍ജി അനുവദിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. അപകടഭീഷണിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹര്‍ജി നല്‍കിയത്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ദളിത് ആക്റ്റിവിസ്റ്റ് രേഖ രാജിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎച്ച്ഡിയുടെ മാര്‍ക്ക് ചേര്‍ത്തില്ലെന്നും റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിനു നല്‍കിയെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു വെട്ടേറ്റു. തൃശൂര്‍ കയ്പമംഗലം കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു.
ഗ്യാസ്‌കുറ്റികൊണ്ടു തലയ്ക്കടിച്ച് അമ്മയെ കൊന്ന മകന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു.
മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്.
എറണാകുളത്ത് എടിഎമ്മില്‍ കൃത്രിമം നടത്തി 25,000 രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പിടിയിലായത്. കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടി. 11 എടിഎമ്മുകളില്‍ ഇത്തരം തട്ടിപ്പു നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ഗുലാംനബി ആസാദിനു പിറകേ, കാഷ്മീരിലെ അഞ്ചു നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. മുന്‍ മന്ത്രി ജിഎം സരുരി, അബ്ദുള്‍ റാഷിദ്, അമിന്‍ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസില്‍ അധികാരം ആവോളം ആസ്വദിച്ച് പാര്‍ട്ടി വിഷമഘട്ടത്തിലായപ്പോള്‍ രാജിവച്ചു പുറത്തുപോയ ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ കൈയിലാെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പാര്‍ട്ടിയുടെ സുപ്രധാന കോര്‍ ഗ്രൂപ്പില്‍ ഒരുപാടുകാലം ഉണ്ടായിരുന്ന അദ്ദേഹത്തിനു പുതുതലമുറ വരുന്നതിനെ വിമര്‍ശിച്ചാണ് പുറത്തുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.