yt cover

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ രാത്രി രണ്ടരയോടെ കല്ലേറ്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമണത്തെ അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആസൂത്രിതമായ ആക്രമണമാണു നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുകയാണ്. കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗണ്‍സിലര്‍ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലത്ത് വസ്ത്രം അഴിപ്പിച്ചു പരിശോധിച്ച വിദ്യാര്‍ത്ഥിനികള്‍ക്കായി സെപ്റ്റംബര്‍ നാലിനു വീണ്ടും നീറ്റ് പരീക്ഷ. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലാണ് നീറ്റ് പരീക്ഷത്തെക്കിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.

*വായനാലോകം – 141*

വി.കെ.കെ രമേഷിന്റെ മായാമൃഗം എന്ന കഥയാണ് ഡെയ്‌ലി ന്യൂസ് വായനാലോകത്തില്‍ ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്: https://dailynewslive.in/vayanalokam-141/

തലശേരി നഗരസഭ പൂട്ടിച്ച ഫര്‍ണിച്ചര്‍ സ്ഥാപനം തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫര്‍ണീച്ചര്‍ കട തുറന്നു കൊടുത്തത്. തുറക്കാന്‍ എല്ലാ സഹായവും ഉണ്ടെന്ന വാഗ്ദാനവുമായി പ്രാദേശിക സിപിഎം നേതാക്കള്‍ കടയുടമയുടെ വീട്ടിലെത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്.

കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് 2,773 കോടി രൂപ ചെലവുവരുമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ പതിമ്മൂന്നേകാല്‍ കിലോമീറ്ററാണ് ലൈറ്റ് മെട്രോയുടെ ദൂരം. പൂര്‍ണമായും തൂണുകളിലാണു നിര്‍മിക്കുക. 14 സ്റ്റേഷനുകളുണ്ടാകുമെന്നും ബഹ്റ അറിയിച്ചു.

വില്ലേജ് ഓഫീസര്‍മാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പു നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. കൈവശവകാശ സര്‍ട്ടിഫിക്കറ്റുക്കളും ലൊക്കേഷന്‍ സ്‌കെച്ചും തയ്യാറാക്കി ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍നിന്ന് വായ്പ എടുത്തെന്ന് വിവിധ വില്ലേജ് ഓഫീസര്‍മാര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുന്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗം സുപ്രീംകോടതി ഭരണഘടന ബെഞ്ചില്‍. പൊമ്പിളൈ ഒരുമൈ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റ് പരിപാടികളുമായിരുന്നു എന്ന മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. ഈ കേസില്‍ സിപിഎം നഗരസഭ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍കോയ ഉള്‍പ്പെടെ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

മദ്യലഹരിയില്‍ ഭാര്യാസഹോദരനെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. വിളപ്പില്‍ ഊറ്റക്കുഴി ദീപു ഭവനില്‍ ദീപു (32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരനായ സുനിലിനെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ചിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ വിട്ടുകൊടുത്തു പണം വാങ്ങിയ ഭര്‍ത്താവ് അറസ്റ്റിലായി. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) അറസ്റ്റിലായത്. പേരാമ്പ്രയില്‍ തൊട്ടില്‍പ്പാലത്തിനു സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടതോടെയാണ് നടപടി.

പൊലീസ് സംരക്ഷണത്തിലുള്ള താന്‍ എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് ഈ ചോദ്യം. തനിക്കെതിരേയുള്ള പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങള്‍ മറുപടിയില്‍ വിവരിച്ചിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കുറ്റിയടിച്ച സ്ഥലത്തിന് ബാങ്ക് വായ്പ നിഷേധിച്ചു. എറണാകുളം നടുവന്നൂരിലെ അന്‍വറിനു കാനഡയിലെ പഠനത്തിന് പണം കണ്ടെത്താനാണു പുരയിടം പണയം വച്ചു വായ്പയ്ക്കു ശ്രമിച്ചത്. കുടംബം സമീപിച്ച മൂന്ന് ബാങ്കുകളും കെ റെയില്‍ സര്‍വേയുടെ പരിധിയിലുള്ള സ്ഥലമായതിനാല്‍ വായ്പ നിഷേധിച്ചു.

പോപ്പുലര്‍ ഫ്രണ്ട് കോട്ടയത്തു സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിന്റെ പേര് അച്ചടിച്ച നോട്ടീസിനെ ചൊല്ലി വിവാദം. തന്റെ അനുമതിയില്ലാതെയാണ് നോട്ടീസ് അച്ചടിച്ചതെന്നാണ് എന്‍ ജയരാജിന്റെ വാദം. എന്നാല്‍ മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ ജയരാജ് പങ്കെടുക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകരുതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു.

പാലക്കാട് അട്ടപ്പാടിയില്‍ നാലു വയസുള്ള ആദിവാസി ബാലനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് വാണിമേല്‍ വെള്ളിയോട് വിവാഹ വീട്ടില്‍ മോഷണം. നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ഇന്നു നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണു മോഷണം പോയത്.

കെടിഡിസി ചെയര്‍മാനും സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ശശി സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തിയെന്ന് ആരോപണം. ലക്ഷകണക്കിനു രൂപ ശശി കൈവശപ്പെടുത്തിയെന്ന് മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മന്‍സൂര്‍ കെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കി.

സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ കോടികള്‍ നല്‍കി വിലയ്ക്കെടുത്ത ഇനത്തില്‍ ബിജെപി 5,500 കോടി രൂപയുടെ കള്ളപ്പണം ചലവാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയിലെ 40 എംപിമാരെ വിലയ്ക്കെടുക്കാന്‍ 800 കോടി രൂപ ബിജെപി ചെലവാക്കിയെന്നു കേജരിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍. 14 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചത്.

ജമ്മു കാഷ്മീരിലെ ഉറിയില്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ച പാക് സൈനികരില്‍നിന്ന് കണ്ടെത്തിയത് ചൈനീസ് നിര്‍മിത തോക്കുകള്‍. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികര്‍ കൊലപ്പെടുത്തിയത്. പാക് സൈനികരില്‍നിന്ന് ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തിയത് ഗൗരവമുള്ള കാര്യമാണെന്നും സൈന്യം അറിയിച്ചു.

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ചയാളുമാണ് അറസ്റ്റിലായത്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റും. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നവംബര്‍ എട്ടിനു വിരമിക്കുന്ന അദ്ദേഹം 74 ദിവസമാണ് ചീഫ് ജസ്റ്റീസായി സേവനം ചെയ്യുക.

15-ാമത് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിന് ഇന്ന് ദുബായില്‍ തുടക്കമാകും. ഇന്ന് വൈകീട്ട് 7.30 ന് ആദ്യമത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും. നാളെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളി.

ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. സെമിയില്‍ മലേഷ്യന്‍ സഖ്യത്തോട് ഇന്ത്യന്‍ സഖ്യം പൊരുതി തോറ്റത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.

സ്വകാര്യമേഖലയിലെ പ്രമുഖ ദേശീയ മാദ്ധ്യമസ്ഥാപനമായ എന്‍.ഡി.ടിവിയുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ തര്‍ക്കങ്ങളില്‍ മുങ്ങിനില്‍ക്കേ, ബിസിനസ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി രണ്ട് സിമന്റ് കമ്പനികളെയും ഏറ്റെടുക്കാനുള്ള ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. സ്വിസ് സ്ഥാപനമായ ഹോള്‍സിം ലിമിറ്റഡിന് കീഴിലുള്ള ലിസ്റ്റഡ് ഇന്ത്യന്‍ കമ്പനികളായ എ.സി.സി., അംബുജ സിമന്റ്‌സ് എന്നിവയുടെ 26 ശതമാനം വീതം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറാണ് പ്രഖ്യാപിച്ചത്. ഇതിന് സെബിയുടെ അനുമതിയും ലഭിച്ചു. അംബുജ സിമന്റ്‌സ് ഓഹരിയൊന്നിന് 385 രൂപ നിരക്കിലും എ.സി.സിയുടേത് 2,300 രൂപനിരക്കിലുമാണ് ഏറ്റെടുക്കുക.

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് സംവിധാനം. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ‘തിരുച്ചിദ്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മയക്കമാ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്തത്. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

അടിപൊളി മേക്കോവറില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന നഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍ ഇതുവരെ കാണാത്ത മേക്കോവറില്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തും. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.

വരാനിരിക്കുന്ന ഹ്യുണ്ടായ് വെന്യു എന്‍ ലൈന്‍ എസ്യുവിയെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഔദ്യോഗിക ചിത്രങ്ങള്‍ വഴി വെളിപ്പെടുത്തി. മോഡല്‍ 2022 സെപ്റ്റംബര്‍ 6- ന് വില്‍പ്പനയ്‌ക്കെത്തും. വിപണിയിലെ വരവിനു മുന്നോടിയായി, വെന്യു എന്‍ ലൈനിന്റെ ബുക്കിംഗു കമ്പനി തുടങ്ങി. ടോക്കണ്‍ തുകയായ 21,000 രൂപയ്ക്കാണ് കമ്പനി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഹ്യൂണ്ടായ് ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമിലോ രാജ്യത്തുടനീളമുള്ള ഹ്യുണ്ടായ് സിഗ്നേച്ചര്‍ ഔട്ട്‌ലെറ്റുകളിലോ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് മകള്‍ സുമിത്ര ജയപ്രകാശ് എഴുതിയ ഓര്‍മ്മകളുടെ സമാഹാരമാണ് ‘അച്ഛനാണ് എന്റെ ദേശം’. എസ്.കെയുടെ എഴുത്തു ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും നടത്തുന്ന ഈ സഞ്ചാരം ആ വിശിഷ്ടവ്യക്തിത്വത്തിന്റെ നാനാമേഖലകളെയും കാണിച്ചുതരുന്നു. എസ്.കെ. പൊറ്റെക്കാട്ടെന്ന മഹാ സാഹിത്യകാരനെ കുട്ടിക്കാലം മുതല്‍ ആരാധിച്ചുപോന്ന എം.ടി. വാസുദേവന്‍ നായരുടെ അവതാരികയും. ഡിസി ബുക്സ്. വില 142 രൂപ.

പോഷകങ്ങളുടെ കാര്യമെടുത്താല്‍ എന്തും കഴിക്കാം എന്തിനൊപ്പവും കഴിക്കാം എന്നാണ് പൊതുവെയുള്ള ധാരണ എന്നാല്‍ അത് ശരിയല്ല. ഒരിക്കലും ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത വൈറ്റമിനും ധാതു സപ്ലിമെന്റും ഉണ്ട്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൈറ്റമിന്‍ എ യും ബീറ്റാകരോട്ടിനും ആണ് ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത രണ്ട് കാര്യങ്ങള്‍. വൈറ്റമിന്‍ എ ഒരു ആന്റിഓക്സിഡന്റാണ്. ബീറ്റാകരോട്ടിന്‍ ആകട്ടെ ഒരു സസ്യാധിഷ്ഠിത കരോട്ടിനോയ്ഡും. ഇവ രണ്ടും ചേര്‍ന്നാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. വൈറ്റമിന്‍ എ യും ബീറ്റാകരോട്ടിനും ചേരുന്നത് പുകവലിക്കാരിലും ആസ്ബറ്റോസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരിലും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത 28 ശതമാനം വര്‍ധിപ്പിക്കുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടു. പുകവലിക്കാര്‍ ദീര്‍ഘകാലം ബീറ്റാകരോട്ടിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കരുതെന്ന് മയോക്ലിനിക്കും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം സുരക്ഷിതമാണെന്നു മാത്രമല്ല ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. കാരറ്റ്, ചുവന്ന കാപ്സിക്കം, മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍, ചീര, ആപ്രിക്കോട്ട്, മാങ്ങ, പപ്പായ ഇവയെല്ലാം ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആണ്. എന്നാല്‍ ബീറ്റാ കരോട്ടിന്‍ സപ്ലിമെന്റുകളെ ആശ്രയിക്കുന്നവര്‍ ഒരു ദിവസം 7 മില്ലിഗ്രാമിലധികം ബീറ്റാകരോട്ടിന്‍ ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഒരു ഡോക്ടറുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കാനേ പാടില്ല.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.97, പൗണ്ട് – 93.96, യൂറോ – 79.68, സ്വിസ് ഫ്രാങ്ക് – 82.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.10, ബഹറിന്‍ ദിനാര്‍ – 212.20, കുവൈത്ത് ദിനാര്‍ -259.89, ഒമാനി റിയാല്‍ – 207.77, സൗദി റിയാല്‍ – 21.29, യു.എ.ഇ ദിര്‍ഹം – 21.77, ഖത്തര്‍ റിയാല്‍ – 21.96, കനേഡിയന്‍ ഡോളര്‍ – 61.35.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *