മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിരസിച്ചെന്ന് എറണാകുളം കളക്ടര്‍ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. കണയന്നൂര്‍ തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. എന്നാൽ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷയില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് അനുമതി നിരസിച്ച് ഉത്തരവിറക്കിയതെന്നും, ക്ഷേത്ര ഗ്രൗണ്ടിന്റെ കിഴക്കുവശം റോഡും, റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. ഗ്രൗണ്ടില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. കൂടാതെ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി ഫയര്‍ വര്‍ക്സ് ഡിസ്പ്ലേ വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂള്‍ പരിസരവുമാണെന്നും കളക്ടർ വ്യക്തമാക്കി.
മരട് കൊട്ടാരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിരസിച്ചെന്ന് എറണാകുളം കളക്ടര്‍
