ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. ആളെകൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് ഇന്നലെ നടത്തിയ ശ്രമം വിജയിച്ചില്ല. ഇന്ന്വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും. ഇന്ന് തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങും.
രാത്രി ബത്തേരി നഗരത്തിൽ വനം വകുപ്പ് കാവൽ ഒരുക്കിയിരുന്നു. ഗൂഡല്ലൂരിൽ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടിൽ തുടരുന്നുണ്ട്.കാട്ടാനയുടെ ഭീഷണിമൂലം ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം വീടുകളും തകർക്കുകയും ചെയ്ത പി എം 2 എന്ന കൊമ്പൻ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്. .
ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് ബത്തേരിയിലെത്തിയത്. നഗരത്തെ മുൾമുനയിൽ നിർത്തി ഓടിക്കൊണ്ടിരുന്ന ബസിന് നേരെ പാഞ്ഞടുത്തു. കാൽനട യാത്രക്കാരനെ തുമ്പി കൈ കൊണ്ട് വലിച്ചെറിഞ്ഞു. അക്രമകാരിയായ കാട്ടാനയെ തുരത്താൻ കഴിഞ്ഞില്ലെങ്കിൽ മയക്കു വെടിവയ്ക്കുകയല്ലാതെ മാർഗ്ഗമില്ല എന്നാണ് വനം വകുപ്പിന്റേയും നിലപാട്.