മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് പേർ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്. ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ അക്കാദമിക്സ്, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
