സംസ്ഥാനത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൂട് കൂടിവരുന്ന ഈ കാലാവസ്ഥയിൽ കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് സർക്കാർ വാട്ടർബെൽ പദ്ധതി ആരംഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാദിവസവും സ്കൂളുകളിൽ കുട്ടികൾക്ക് വെള്ളം കുടിക്കാൻ മാത്രമായി രാവിലെയും ഉച്ചയ്ക്കും പ്രത്യേക വെൽ മുഴങ്ങും. ബെൽ മുഴങ്ങിക്കഴിഞ്ഞാൽ അഞ്ചു മിനിറ്റ് സമയം കുട്ടികൾക്ക് വെള്ളം കുടിക്കാനായി നൽകണമെന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.അതുപോലെ തന്നെ കൂടുതൽ വെയിലുള്ള സമയങ്ങളിൽ അസംബ്ലി ഒഴിവാക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിർദേശം നൽകിയിട്ടുണ്ട്.