പാർട്ടിക്ക് നാണക്കേടായ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച സംഭവത്തിലെ ആരോപിതൻ ജെ ജെ അഭിജിത്തിനെതിരെ നടപടിയുമായി സിപിഎമ്മും.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ
അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.അഭിജിത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ നേരത്തെ പുറത്താക്കിയിരുന്നു.
സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദം ചര്‍ച്ച ചെയ്യാൻ അടുത്തമാസം 7 ,8 തീയതികളിൽ ജില്ലാ കമ്മിറ്റി വിളിച്ച് ചേര്‍ക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മദ്യപാന ആരോപണം സി പി എമ്മിന് നാണക്കേടുണ്ടാക്കിയിരിക്കേയാണ് മറ്റൊരാരോപണം കൂടി ലഭിച്ചത്. ഏതായാലും സി പി എം കടുത്ത നടപടികളിലേയ്ക്ക് പോകാനാണ് സാധ്യത. നേരത്തേ ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്‍റ് ആഷികിനെയും
നേമം ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റി അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. അതിന് ശേഷവും ഇവർ സി പി എം ൽ ഒരു ശിക്ഷയുമില്ലാതെ തുടരുന്നത് തിരുവനന്തപുരം ജില്ലയിലെ പാർട്ടിയുടെ പിടിപ്പ് കേടായി കരുതുമെന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് ഇവർക്കെതിരേ പാർട്ടി ഏരിയാക്കമ്മിറ്റിയിൽ തരം താഴ്ത്തൽ നടപടി എടുത്തത്. ആംബുലൻസ് ഫണ്ട് തട്ടിപ്പിൽ ഡി വൈ എഫ് ഐ ഏരിയ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡി വൈ എഫ് ഐ തീരുമാനിച്ചുട്ടുണ്ട്. ഇതിന് പിന്നാലെ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ വിമർശനവും ഉയര്‍ന്നിരുന്നു.