ചില രോഗാവസ്ഥകള്‍ ഒഴിവാക്കാനും വെള്ളം കുടിക്കുന്ന ശീലം ഉപകാരപ്രദമായിരിക്കുമെന്ന് സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മൈഗ്രെയ്ന്‍, പൊണ്ണത്തടി, കിഡ്‌നി സ്റ്റോണ്‍, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരില്‍ വെള്ളം കുടിക്കുന്ന ശീലം വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്തമെന്ന് കാലിഫോണിയ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോണ്‍ വീണ്ടും വരാനുള്ള സാധ്യത കുറച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആറ് ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് ശരീരഭാരം കുറയുന്നതിന് സഹായിച്ചതായും കണ്ടെത്തി. കൂടാതെ വെള്ളം കുടിക്കുന്നത് മൈഗ്രെയ്ന്‍, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്‍ഷന്‍ എന്നിവയുള്ള രോഗികളില്‍ മികച്ച ഫലം ചെയ്യുമെന്നും റിവ്യൂ പഠനത്തില്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ആളുകളുടെ പൊണ്ണത്തടി കുറയ്ക്കാനുള്ള ഏറ്റവും ചെലവു കുറഞ്ഞ ഇടപെടലാണെന്നും ഗവേഷകര്‍ പറയുന്നു. മൂന്ന് മാസം ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് മുതിര്‍ന്നവരില്‍ ആവര്‍ത്തിച്ച് തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് ആഴ്ചത്തേക്ക് ദിവസവും നാല് കപ്പ് വെള്ളം അധികം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ പ്രമേഹ രോഗികളില്‍ നല്ല മാറ്റമുണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, ആവര്‍ത്തിച്ചുള്ള മൂത്രാശയ അണുബാധയുള്ള സ്ത്രീകള്‍ക്ക് ഒരു ദിവസം ആറ് കപ്പ് വെള്ളം അധികമായി കുടിക്കുന്നത് ഗുണം ചെയ്തയും കണ്ടെത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു.
