ഒക്ടോബര്‍ 21, 22 ദിവസങ്ങളില്‍ ഓഹരി വിപണിക്ക് അവധിയാണെങ്കിലും ചൊവ്വാഴ്ച ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തിനായി നീക്കിവെച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നടത്തുന്ന ഒരു പ്രത്യേക, ഹ്രസ്വ വ്യാപാര സെഷനാണ് മുഹൂര്‍ത്ത വ്യാപാരം. ഹൈന്ദവ വിശ്വാസമനുസരിച്ച് ശുഭകരമായ സമയത്തെയാണ് ‘മുഹൂര്‍ത്തം’ എന്ന് പറയുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ വണങ്ങിക്കൊണ്ട് വടക്കെ ഇന്ത്യയില്‍ പുതിയ ഹിന്ദു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ് വ്യാപാരികളും നിക്ഷേപകരും ഈ ഒരു മണിക്കൂര്‍ സെഷനെ കണക്കാക്കുന്നത്. 2025-ല്‍ മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 21, ചൊവ്വാഴ്ച ആയിരിക്കും നടക്കുക. മുന്‍വര്‍ഷങ്ങളില്‍ വൈകിട്ടായിരുന്നെങ്കിലും ഇത്തവണ മുഹൂര്‍ത്ത വ്യാപാരം ഉച്ചതിരിഞ്ഞ് 1:45 മുതല്‍ 2:45 വരെയാണ്. ഇതിന് മുമ്പായി 1:30 മുതല്‍ 1:45 വരെ പ്രീ-ഓപ്പണ്‍ സെഷനും ഉണ്ടായിരിക്കും. ദീപാവലി പ്രമാണിച്ച് സാധാരണ വ്യാപാരം ഈ ദിവസം ഉണ്ടായിരിക്കുന്നതല്ല.
