ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്കി. ജപ്പാന് കമ്പനിയായ തകെഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച QDENGA എന്ന വാക്സിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 2027ന്റെ ആദ്യ പകുതിയോടെ വാക്സിന് ഇന്ത്യയില്‍ ലഭ്യമാകും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് ശേഷിയുണ്ട്. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിന് നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന്, യുകെ ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങളില്‍ ഇതിനോടകം വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിന്റെ ഇടവേളയില്‍ 0.5 മില്ലിലിറ്റര്‍ വീതമുള്ള 2 ഡോസ് കുത്തിവെയ്പ്പ് രൂപത്തിലായിരിക്കും വാക്സിന് നല്‍കുന്നത്. നാല് മുതല്‍ 60 വയസ് വരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ വാക്സിന് ഉപയോഗിക്കാം. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ ഫാര്‍മ കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ നിര്‍മാണം. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതില്‍ ബയോളജിക്കല്‍ ഇയുടെ സഹായത്തോടെ 5 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാനാണ് പദ്ധതി. ലോകത്തിലെ ഡെങ്കിപ്പനി കേസുകളില്‍ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് വിലയിരുത്തല്‍.
ഡെങ്കിപ്പനിക്കെതിരായ വാക്സിന് അനുമതി നല്കി
