സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അപൂര്‍വ പ്രതിഭാസം ജൂണ്‍ 8, 9 തീയതികളില്‍ ആകാശത്ത് ദൃശ്യമാകും. ശാസ്ത്രലോകം ‘കോസ്മിക് കിസ്സ്’ അല്ലെങ്കില്‍ ‘പ്ലാനറ്ററി കണ്‍ജങ്ഷന്‍’ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ സാധിക്കും. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാര്‍ക്ക് ഈ കാഴ്ച ആസ്വദിക്കാം. സൂര്യനസ്തമിച്ച് കഴിഞ്ഞ് തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ആകാശത്ത് നോക്കിയാല്‍ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അല്‍പം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങി നില്‍ക്കുന്നത് കാണാം. ജൂണ്‍ 11 മുതല്‍ 15 വരെയുള്ള തീയതികളില്‍ ബുധന്‍ ഗ്രഹം കൂടി ഇവര്‍ക്കൊപ്പം ചേരും. ഇതോടെ പടിഞ്ഞാറന്‍ ആകാശത്ത് മൂന്ന് ഗ്രഹങ്ങള്‍ നിരയായി നില്‍ക്കുന്ന അപൂര്‍വ ‘മിനി പരേഡ്’ ദൃശ്യമാകും. എന്നാല്‍, ബുധന്‍ ഗ്രഹം ഭൂമിയോട് വളരെ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും.
‘കോസ്മിക് കിസ്സ്’ കാണാം ആകാശത്ത്
