വായ, തൊണ്ട, മൂക്ക് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഹെഡ്&നെക്ക് കാന്‍സറുകളെ പ്രതിരോധിക്കാന്‍ ഒരു ച്യൂയിംഗത്തിലൂടെ കഴിയുമെന്ന് ഗവേഷകര്‍. പൊതുവേ പുകയിലയും മദ്യപാനവുമാണ് ഇത്തരം കാന്‍സറുകളുടെ സാധ്യത കൂട്ടുന്നതെങ്കിലും ഒരുപരിധിവരെ ഹ്യൂമന്‍ പാപ്പിലോമ വൈറസും കാരണമാകാറുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ലാബ്ലാബ് ബീന്‍സ് അഥവാ അമര പയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ച്യൂയിംഗ് ഗം ആണ് വികസിപ്പിച്ചത്. ച്യൂയിംഗം ഉപയോഗിച്ച ഹെഡ്&നെക്ക് കാന്‍സര്‍ രോഗികളുടെ ഉമിനീരില്‍ എച്ച്പിവി വൈറസിന്റെ അളവ് 93ശതമാനം വരെയും വായ കഴുകിയ സാമ്പിളുകളില്‍ 80% വരെയും കുറവായിരുന്നുവെന്നു കണ്ടെത്തി. പോര്‍ഫിറോമോണാസ് ജിന്‍ജിവാലിസ്, ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം എന്നീ രണ്ട് ദോഷകരമായ ബാക്ടീരിയകളെ പൂര്‍ണമായും നീക്കംചെയ്യുന്നതായും കണ്ടെത്തി. അമരപ്പയറില്‍ അടങ്ങിയ ഫ്രില്‍ എന്ന ആന്റിവൈറല്‍ പ്രോട്ടീന്‍ എച്ച്.പി.വി.ക്ക് എതിരെയും പ്രോട്ടിഗ്രിന്‍ എന്ന ആന്റി മൈക്രോബിയല്‍ പെപ്‌റ്റൈഡ് വായിലെ ദോഷകരമായ ബാക്റ്റീയകള്‍ക്കെതിരെയും പ്രവര്‍ത്തിക്കും. ച്യൂയിംഗം ചവയ്ക്കുന്നതിലൂടെ ഇവ ഉമിനീരുമായി സമ്പര്‍ക്കത്തിലാവും. ഇതുവഴി വൈറസിനും ബാക്റ്റീരിയക്കും എതിരെ പ്രവര്‍ത്തിക്കാനാകും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാതെ തന്നെ ഫലപ്രദമായി കാന്‍സറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് ഇതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
