ഇന്ത്യയുടെ ചരക്കു കയറ്റുമതി ജൂണില്‍ 22 ശതമാനം ഇടിഞ്ഞ് 32.97 ബില്യണ്‍ ഡോളറിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. കയറ്റുമതിക്കു പുറമേ ഇറക്കുമതിയിലും ഇടിവ് അനുഭവപ്പെട്ടു. വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ജൂണിലെ 22.07 ബില്യണ്‍ ഡോളറില്‍ നിന്ന് 20.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇറക്കുമതി 17.48 ശതമാനം കുറഞ്ഞ് 53.10 ബില്യണ്‍ ഡോളറായി. 2020 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ചരക്കു കയറ്റുമതി 15.13 ശതമാനം ഇടിഞ്ഞ് 102.68 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇറക്കുമതിയും 12.67 ശതമാനം കുറഞ്ഞ് 160.28 ബില്യണ്‍ ഡോളറിലെത്തി. ഈകാലയളവിലെ വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 62.6 ബില്യണ്‍ ഡോളറില്‍ നിന്ന് 7.9 ശതമാനം വര്‍ധിച്ച് 57.6 ബില്യണ്‍ ഡോളറായി. എണ്ണ ഇറക്കുമതി ജൂണില്‍ 33.8 ശതമാനം ഇടിഞ്ഞ് 12.54 ബില്യണ്‍ ഡോളറിലെത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തമായി എണ്ണ ഇറക്കുമതി 18.52 ശതമാനം ഇടിഞ്ഞ് 43.4 ബില്യണ്‍ ഡോളറായി. ജൂണില്‍ സ്വര്‍ണ ഇറക്കുമതി 82.38 ശതമാനം ഉയര്‍ന്ന് ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളറിലെത്തി, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അത് 7.54 ശതമാനം ഇടിഞ്ഞ് 9.7 ബില്യണ്‍ ഡോളറാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 45.36 ശതമാനം വര്‍ധിച്ച് 2.43 ബില്യണ്‍ ഡോളറിലെത്തി. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഈ കയറ്റുമതി 47 ശതമാനം ഉയര്‍ന്ന് 6.96 ബില്യണ്‍ ഡോളറായി. വെള്ളി ഇറക്കുമതി ജൂണില്‍ 0.79 ബില്യണ്‍ ഡോളറില്‍ നിന്ന് 94.36 ശതമാനം ഇടിഞ്ഞു.
ചരക്കു കയറ്റുമതി മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
